LCU-യിൽ ഇനി ഒരു ശക്തയായ സ്ത്രീ കഥാപാത്രം ഉണ്ടാകുമെന്ന് ലോകേഷ്; നയൻതാരയ്ക്കും തൃഷയ്‍ക്കും ആൻഡ്രിയയ്ക്കും മുൻതൂക്കം?
രജനികാന്തിന്റെ കൂലിയിൽ 50 കോടിയാണ് ലോകേഷിന്റെ പ്രതിഫലം.
ചുരുങ്ങിയ കാലം കൊണ്ട് സിനിമാലോകത്ത് തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത സംവിധായകനാണ് ലോകേഷ് കനകരാജ്. ലോകേഷിന്റെ സിനിമകളൊന്നും ഇതുവരെ പരാജയപ്പെട്ടിട്ടില്ല. ആദ്യ സിനിമ മുതൽ കുത്തനെ ഉയരുകയാണ് ലോകേഷിന്റെ കരിയർ ഗ്രാഫ്. ഓരോ സിനിമകൾ കഴിയുമ്പോഴും പ്രതിഫലവും കൂടുന്നു. രജനികാന്തിന്റെ കൂലിയിൽ 50 കോടിയാണ് ലോകേഷിന്റെ പ്രതിഫലം.
ലോകേഷിന്റെ സിനിമകൾ എന്നും ആരാധക പ്രീതി നേടാറുമുണ്ട്. സോഷ്യൽ മീഡിയയിൽ എന്നും ലോകേഷും ചിത്രങ്ങളും കഥാപാത്രങ്ങളും ചർച്ചയാകാറുണ്ട്. എന്നാൽ ലോകേഷ് സിനിമകളിൽ സ്ത്രീ കഥാപാത്രങ്ങൾ വളരെ കുറവാണെന്നും അവരെ വേണ്ട വിധത്തിൽ ഉപയോഗിക്കുന്നില്ലെന്നുള്ള പഴികളും ഒരിടയ്ക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. വിമർശനങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് ലോകേഷ്.
തന്റെ സിനിമയിൽ പ്രാധാന്യം അനുസരിച്ച് മാത്രമേ സ്ത്രീ കഥാപാത്രം ഉൾകൊള്ളിക്കൂ എന്നാണ് ലോകേഷ് വ്യക്തമാക്കിയത്. ഇപ്പോഴിതാ തന്റെ യൂണിവേഴ്സിൽ സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം നൽകുന്ന ഒരു കഥ ഉണ്ടാകുമെന്നും കൈതി 2 വിൽ അപ്ഡേറ്റ് നൽകുമെന്നും ലോകേഷ് പറഞ്ഞു.
'ഞാൻ സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം കൊടുക്കുന്ന തരത്തിൽ ഒരു കഥ എഴുതുന്നുണ്ട്. എൽ സി യു യൂണിവേഴ്സിലെ പുതിയ കഥാപാത്രമായിരിക്കും അത്. മൂന്ന് നാല് കഥാപാത്രങ്ങൾ ഉണ്ടാകും. കൈതി 2 വിൽ ഈ കഥാപാത്രങ്ങളെക്കുറിച്ച് അപ്ഡേറ്റ് ലഭിക്കും,' ലോകേഷ് പറഞ്ഞു.
അതേസമയം, ലോകേഷിന്റെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് തുടക്കം കുറിച്ചു. നിലവിൽ സ്റ്റാർ വാല്യൂ ഉള്ള നടന്മാരെ വെച്ചാണ് ലോകേഷ് ശക്തമായ മാസ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതുപോലെ തന്നെ, സ്റ്റാർ വാല്യൂ ഉള്ളതും മാസ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്യാൻ കഴിവുള്ളതുമായ നടിമാരെ ആകും ലോകേഷ് തിരഞ്ഞെടുക്കുക എന്ന് സിനിമാ പ്രേമികൾ ചൂണ്ടിക്കാട്ടുന്നു.
ലോകേഷിന്റെ വരുന്ന സിനിമകളിൽ ശക്തയായ സ്ത്രീ കഥാപാത്രമാകാൻ സാധ്യതയുള്ളവരുടെ ലിസ്റ്റും റെഡിറ്റിലും എക്‌സിലും പ്രചരിക്കുന്നുണ്ട്. നയൻതാരയാണ് ഒന്നാമത്തെ ചോയ്‌സ്. മാസ് കഥാപാത്രങ്ങളെ സ്‌ക്രീനിൽ അവതരിപ്പിച്ച് കൈയ്യടി നേടാൻ നടിക്ക് പ്രത്യേക കഴിവുണ്ട്. ഡോറ, അറം, മൂക്കുത്തി അമ്മൻ, ഇമൈക്ക നൊടികൾ എല്ലാം ഇതിന്റെ ഉത്തമ ഉദാഹരണങ്ങളാണ്. രണ്ടാമത്തെ ആൾ ആൻഡ്രിയ ആണ്. തൃഷയും ലിസ്റ്റിൽ ഉണ്ട്. നിലവിൽ തൃഷയാണ് തമിഴകത്തെ സ്റ്റാർ സിനിമകളിലെയെല്ലാം നായിക.