അവർക്കെതിരെ കേസ് കൊടുത്തിട്ട് കാര്യമില്ല: സൗഭാഗ്യ വെങ്കിടേഷ്
ബോഡിഷെയ്മിങ്ങ് കമന്റുകൾ എല്ലാം അതിർവരമ്പുകൾ ലംഘിക്കുന്നവയാണ്.
ടിക്ക് ടോക്ക് വഴി മലയാളികൾക്ക് സുപരിചിതയായ ആളാണ് സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യയുടെ ഭർത്താവും നടനുമായ അർജുൻ സോമശേഖറും ഏറെ ജനപ്രിയനാണ്. സൗഭാഗ്യയുടെ വീഡിയോകൾക്കു താഴെ പലപ്പോഴായി പ്രത്യക്ഷപ്പെടുന്ന ബോഡിഷെയ്മിങ്ങ് കമന്റുകൾ എല്ലാം അതിർവരമ്പുകൾ ലംഘിക്കുന്നവയാണ്.
ഇത്തരം കമന്റുകളെക്കുറിച്ച് ഇവർ പുതിയ അഭിമുഖത്തിൽ സംസാരിക്കുന്നു. അത്തരം കമന്റുകളെ അവഗണിക്കുകയാണ് താൻ സാധാരണയായി ചെയ്യാറുള്ളതെന്നും പക്ഷേ കമന്റിടുന്നവരോട് ക്ഷമിക്കാനൊന്നും തന്നെക്കൊണ്ട് സാധിക്കില്ലെന്നും സൗഭാഗ്യ പറയുന്നു.
'ശരീത്തെ മോശമായി വർണിച്ചുള്ള കമന്റുകളും മറ്റും കാണുമ്പോൾ ചില സമയത്ത് ദേഷ്യം വരും. പക്ഷെ ഇത് സോഷ്യൽ മീഡിയയാണ്. നമുക്ക് കാര്യമായി ഒന്നും ചെയ്യാൻ പറ്റില്ല. എത്രയെന്ന് പറഞ്ഞാണ് കേസ് കൊടുക്കുന്നത്. കേസ് കൊടുത്താലും കാര്യമില്ല. പല വീഡിയോകളുടെയും ഔട്ട് എങ്ങനെയാണ് വരികയെന്ന് നമുക്ക് അറിയില്ല. ചിലത് വൾഗറായി കാണിച്ചാണ് പുറത്ത് വരാറുള്ളത്. അതുകൊണ്ട് തന്നെ ഇപ്പോൾ മീഡിയയെ കാണുമ്പോൾ അറിയാതെ കോൺഷ്യസാകും. എങ്കിലും ബോഡി ഷെയ്മിങ്ങ് തെറ്റാണെന്ന് ഇന്നത്തെ കാലത്ത് ചിലരെങ്കിലും മനസിലാക്കുന്നതിൽ സന്തോഷമുണ്ട്', സൗഭാഗ്യ പറഞ്ഞു.
തന്റെ ഭാര്യയെപ്പറ്റി ഇത്തരത്തിലുള്ള കമന്റുകൾ പറയുന്നവനോട് അതേ ഭാഷയിൽ തിരിച്ച് പ്രതികരിക്കാനുള്ള മനസ് തനിക്കില്ലെന്നും അത്തരക്കാരെ നേരിട്ട് കണ്ടാൽ മുഖം നോക്കി അടിക്കുകയായിരിക്കും ആദ്യം ചെയ്യുന്നത് എന്നുമായിരുന്നു അർജുന്റെ പ്രതികരണം. ''വോയ്സ് മെസേജ് ഇടാൻ ഓപ്ഷനുണ്ടായിരുന്നുവെങ്കിൽ ഞാൻ അങ്ങനെ ചെയ്തേനെ. എങ്കിലെ എന്റെ ഇമോഷൻസ് കൃത്യമായി അവിടെ എത്തൂ. പറഞ്ഞിട്ട് കാര്യമില്ല. ലോകം അങ്ങനെയാണ്. ഗാന്ധിജിയെ പറ്റി തപ്പിയാൽ പോലും ചിലപ്പോൾ ഗാന്ധിജീസ് നേവൽ എന്നൊക്കെ പറഞ്ഞ് എന്തെങ്കിലുമൊക്കെ കാണും', അർജുൻ കൂട്ടിച്ചേർത്തു.