ലോകേഷിനും വെട്രിമാരനും മാത്രം പോരല്ലോ, സ്വന്തം യൂണിവേഴ്സ് ഒരുക്കാൻ സന്ദീപ് റെഡ്ഡി വംഗയും, പ്രഭാസ് ചിത്രം സ്പിരിറ്റ് സ്റ്റാൻഡ് അലോൺ ചിത്രമല്ല!
പ്രഭാസ് സിനിമയായ സ്പിരിറ്റ് ഒരു സ്റ്റാന്‍ഡ് എലോണ്‍ സിനിമയായിരിക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
അനിമല്‍ എന്ന രണ്‍ബീര്‍ കപൂര്‍ വിജയത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗ ഒരുക്കുന്ന പുതിയ സിനിമയ്ക്കുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പ്രഭാസിനെ നായകനാക്കി കോപ് ത്രില്ലര്‍ സിനിമയാകും സന്ദീപ് റെഡ്ഡി ഒരുക്കുന്നതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിനിമയിലെ നായികയായി ദീപിക പദുക്കോണെയാണ് നിശ്ചയിച്ചിരുന്നതെങ്കിലും സിനിമയില്‍ നിന്നും ദീപികയെ പിന്നീട് നീക്കം ചെയ്തിരുന്നു. തൃപ്തി ദിമ്രിയെയാണ് പകരം നായികയായി സന്ദീപ് റെഡ്ഡി തീരുമാനിച്ചത്.
ഇപ്പോഴിതാ പ്രഭാസ് സിനിമയായ സ്പിരിറ്റ് ഒരു സ്റ്റാന്‍ഡ് എലോണ്‍ സിനിമയായിരിക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പകരം ഒരു സിനിമാറ്റിക് യൂണിവേഴ്‌സിന്റെ തുടക്കമാകും സ്പിരിറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2026 ഫെബ്രുവരിയിലാകും സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുക. ഒരു ഓപ്പണ്‍ ക്ലൈമാക്‌സോട് കൂടി അടുത്ത ഇന്‍സ്റ്റാള്‍മെന്റുകള്‍ക്ക് സാധ്യത നല്‍കിയാകും സ്പിരിറ്റ് അവസാനിക്കുക എന്നാണ് സിനിമാവൃത്തങ്ങള്‍ പറയുന്നത്.
രാജാസാബ് എന്ന സിനിമയുടെ റിലീസിന് ശേഷമാകും സ്പിരിറ്റില്‍ പ്രഭാസ് ജോയിന്‍ ചെയ്യുക. സിനിമയുടെ ആദ്യ ഷെഡ്യൂളുകള്‍ മുംബൈയിലും പിന്നീടുള്ള ഭാഗങ്ങള്‍ മെക്‌സിക്കോ, ഇന്‍ഡോനേഷ്യ, തായ്ലന്‍ഡ് എന്നിവിടങ്ങളിലും ചിത്രീകരിക്കും. വയലന്‍സും ഇമോഷണല്‍ രംഗങ്ങളും ഒരുപോലെ കൈകാര്യം ചെയ്യാനുള്ള മിടുക്കാണ് സന്ദീപ് റെഡ്ഡി വംഗയെ മറ്റ് സംവിധായകരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. സ്പിരിറ്റിലും ഇതേ ഫോര്‍മാറ്റ് പിന്തുടരുകയും ഡാര്‍ക്കായി തന്നെ സിനിമ വരികയും ചെയ്താല്‍ ഇന്ത്യന്‍ സിനിമയിലെ നിര്‍ണായകമായ പോലീസ് സിനിമയായി സ്പിരിറ്റ് മാറുമെന്ന് ഉറപ്പാണ്.