നെറ്റ്ഫ്ലിക്സ് സീരീസുകളുടെ പട്ടികയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സീരീസ് ആണ് 'സ്ട്രേഞ്ചർ തിങ്ങ്സ്'. നാല് സീസണുകളുണ്ടായിരുന്ന സീരീസിന്റെ അവസാനത്തെയും ക്ലൈമാക്സുമായ അഞ്ചാമത്തെ സീരീസിനായി കാത്തിരിക്കുകയാണ് ലോക പ്രേക്ഷകർ.
സീരിസിന്റെ അവസാന സീസണിന്റെ ട്രെയ്‌ലർ നാളെ പുറത്തിറക്കുമെന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചിരുന്നു. എന്നാൽ, ഇതിനിടെ നെറ്റ്ഫ്ലിക്സിന് ഒരു അമളി പറ്റിയിരിക്കുകയാണ്. സ്ട്രേഞ്ചർ തിങ്ങ്സ് 5 വിന്റെ ട്രെയ്‌ലർ മണിക്കൂറുകൾക്ക് മുൻപ് നെറ്റ്ഫ്ലിക്സിന്റെ ഒഫീഷ്യൽ പേജിലൂടെ ലീക്കായി. രണ്ട് മിനിറ്റ് 38 സെക്കന്റ് ഉള്ള ട്രെയ്‌ലറാണ് ഒഫീഷ്യൽ പേജിലൂടെ പുറത്തുവന്നത്.
അബദ്ധം മനസിലാക്കിയ ഉടൻ തന്നെ നെറ്റ്ഫ്ലിക്സ് ട്രെയ്‌ലർ ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ഇതിനകം സീരിസിന്റെ ആരാധകർ ഈ ട്രെയ്‌ലർ ഡൗൺലോഡ് ചെയ്യുകയും സോഷ്യൽ മീഡിയ വഴി പങ്കുവെക്കുകയൂം ചെയ്യുന്നുണ്ട്. ലീക്കായതിനാൽ ഇനി ട്രെയ്‌ലർ ഉടൻ തന്നെ ഒഫീഷ്യൽ ആയി പുറത്തുവിടാനാണ് സാധ്യത.
അഞ്ചാം സീസൺ എട്ട് എപ്പിസോഡുകളായാകും എത്തുക. മൂന്ന് ഭാഗങ്ങളായിട്ടാണ് ഈ എട്ട് എപ്പിസോഡുകളും പ്രേക്ഷകരിലേക്ക് എത്തുക. ഇതിൽ ആദ്യ ഭാഗം നവംബർ 26 ന് പുറത്തുവരും. രണ്ടാമത്തെ ഭാഗം ക്രിസ്മസിനും അവസാനത്തെ ഭാഗം പുതുവർഷത്തിലാകും പുറത്തിറങ്ങുക.