'ആരാണ് പൂച്ചയ്ക്ക് മണി കെട്ടിയത്?': സമ്മർ ഇൻ ബത്‌ലഹേം രണ്ടാം ഭാഗം വരുന്നു!
റിപ്പീറ്റ് വാല്യു ഉള്ള മലയാള ചിത്രങ്ങളിലും സമ്മർ ഇൻ ബത്‌ലഹേം മുൻപന്തിയിൽ തന്നെയുണ്ട്.
മലയാളികൾ ഏറെ ആഘോഷമാക്കിയ ചിത്രമാണ് സമ്മർ ഇൻ ബത്‌ലഹേം. സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യർ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ സിനിമ സംവിധാനം ചെയ്തത് സിബി മലയിൽ ആണ്. റിപ്പീറ്റ് വാല്യു ഉള്ള മലയാള ചിത്രങ്ങളിലും സമ്മർ ഇൻ ബത്‌ലഹേം മുൻപന്തിയിൽ തന്നെയുണ്ട്.
ഇപ്പോഴിതാ സിബി മലയിൽ, രഞ്ജിത്ത്, സിയാദ് കോക്കർ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചെത്തുകയാണ്. 'ആഫ്റ്റർ 27 ഇയേഴ്സ്'- രഞ്ജിത്തിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത് സിയാദ് കോക്കർ നിർമിക്കുന്ന ചിത്രം ഉടൻ വരുന്നു എന്ന് അറിയിച്ചു കൊണ്ട് ഒരു പോസ്റ്ററും അണിയറപ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്.
സമ്മർ ഇൻ ബത്‌ലഹേമിന്റെ റഫറൻസുള്ള പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. 'ആരാണ് പൂച്ചയ്ക്ക് മണി കെട്ടിയത്???. കൂടുതൽ സർപ്രൈസുകൾക്കായി കാത്തിരിക്കുക എന്ന കുറിപ്പോടെയാണ് സിനിമയുടെ പോസ്റ്റർ സിബി മലയിൽ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്ററിന് താഴെ കമന്റുമായെത്തിയിരിക്കുന്നത്.