സെൻസർ ബോർഡെ, എന്തിനാണ് A സർട്ടിഫിക്കറ്റ്?,ഹൈക്കോടതിയെ സമീപിച്ച് സൺ പിക്ചേഴ്സ്
എ സര്‍ട്ടിഫിക്കറ്റാണെന്ന കാരണത്താല്‍ വലിയ വിഭാഗം ആരാധകര്‍ക്ക് ടിക്കറ്റ് നിഷേധിക്കപ്പെടുന്നതിനെ തുടര്‍ന്നാണ് നിര്‍മാതാക്കളുടെ പരാതി.
രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ കൂലി സിനിമയ്ക്ക് നല്‍കിയ എ സര്‍ട്ടിഫിക്കറ്റിനെ ചോദ്യം ചെയ്ത് നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് ഹൈക്കോടതിയില്‍. തമിഴില്‍ അടുത്തിടെ പുറത്തുവന്ന സിനിമകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ കൂലിയില്‍ വയലന്‍സ് രംഗങ്ങള്‍ കുറവാണെന്നും സിനിമയ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നുമാണ് നിര്‍മാതാക്കള്‍ ആവശ്യപ്പെടുന്നത്. എ സര്‍ട്ടിഫിക്കറ്റാണെന്ന കാരണത്താല്‍ വലിയ വിഭാഗം ആരാധകര്‍ക്ക് ടിക്കറ്റ് നിഷേധിക്കപ്പെടുന്നതിനെ തുടര്‍ന്നാണ് നിര്‍മാതാക്കളുടെ പരാതി.
കെജിഎഫ്, ബീസ്റ്റ് തുടങ്ങിയ സിനിമകള്‍ക്ക് നല്‍കിയത് യു/എ സര്‍ട്ടിഫിക്കറ്റാണെന്ന് നിര്‍മാതാക്കള്‍ പറയുന്നു. അതേസമയം റിലീസ് ദിനത്തില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും 4 ദിവസങ്ങള്‍ കൊണ്ട് തന്നെ 400 കോടി രൂപ സിനിമ സ്വന്തമാക്കി കഴിഞ്ഞു. രജനീകാന്തിന് പുറമെ തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജുന, ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ഖാന്‍, സൗബിന്‍ ഷാഹിര്‍, ഉപേന്ദ്ര, ശ്രുതി ഹാസന്‍ തുടങ്ങിയ വമ്പന്‍ താരനിരയാണ് സിനിമയിലുള്ളത്.