തമിഴ് സിനിമയിലൂടെയായിരുന്നു തമന്നയുടെ അരങ്ങേറ്റം. ഇന്ന് ബോളിവുഡിൽ അടക്കം തിളങ്ങുകയാണ് നടി. എന്നാൽ, തന്റെ കരിയറിന്റെ തുടക്കകാലത്ത് ഇന്നത്തെ പോലെ എളുപ്പമായിരുന്നില്ല കാര്യങ്ങൾ എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താര സുന്ദരി. അടുത്തിടെ, ദി ലല്ലൻടോപ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തമന്ന ഭാട്ടിയ ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്.
അന്ന് ചെറുപ്പമായത് കൊണ്ടും, സിനിമയിൽ തുടക്കക്കാരിയായിരുന്നത് കൊണ്ടും, തലതൊട്ടപ്പന്മാർ ഇല്ലാതിരുന്നത് കൊണ്ടും, ഏറെ അപമാനങ്ങൾ നേരിടേണ്ടി വന്നിരുന്നു എന്നാണ് നടി പറയുന്നത്. അതിന് കാരണം തന്റെ ശരികളിൽ ഉറച്ചു നിന്നതാണെന്നും അവർ വെളിപ്പെടുത്തി. ഒട്ടും സുഖകരമല്ലാത്ത സീനുകൾ ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞതിന് ഒരു സിനിമയിൽ നിന്ന് താൻ ഏതാണ്ട് പുറത്താക്കപ്പെട്ടിരുന്നുവെന്നും അവർ പറഞ്ഞു.
'ഒരിക്കൽ ഞാൻ ഒരു വലിയ സൗത്ത് ഇന്ത്യൻ താരത്തിനൊപ്പം ഒരു സിനിമ ചെയ്യുകയായിരുന്നു. അതിൽ ചില സീനുകൾ ഷൂട്ട് ചെയ്യാനായി സമീപിച്ചപ്പോൾ, എനിക്ക് ഇത് ചെയ്യാൻ കഴിയില്ലെന്ന് പറയേണ്ടി വന്നു. കാരണം അത് ഒട്ടും തന്നെ കംഫർട്ടബിൾ അല്ലായിരുന്നു. ആ സീനുകളിൽ എനിക്ക് തീരെ അംഗീകരിക്കാനാവാത്ത ഒരു കാര്യം ഉണ്ടായിരുന്നു.
ഇത്തരം രംഗങ്ങളിൽ അഭിനയിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് ഞാൻ പറഞ്ഞു. അപ്പോൾ ആ സൂപ്പർ താരം ആകെ ചൂടായി. ആദ്ദേഹം ഉടൻ തന്നെ പറഞ്ഞു - 'നായികയെ മാറ്റൂ'. അന്ന് ആ പ്രോജെക്ടിൽ നിന്ന് ഞാൻ പുറത്താവേണ്ടതായിരുന്നു. അടുത്ത ദിവസം അദ്ദേഹം തന്നെ വന്ന് എന്നോട് ക്ഷമ ചോദിച്ചു. അദ്ദേഹം പറഞ്ഞു, "നിങ്ങൾ ക്ഷമിക്കണം, ഞാൻ അപ്പോൾ വളരെ അസ്വസ്ഥനായിരുന്നു. എനിക്ക് വല്ലാത്ത ദേഷ്യം വന്നു. എന്നാലും ഞാൻ അങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു' എന്ന്', തമന്ന വെളിപ്പെടുത്തി.