തെന്നിന്ത്യയിൽ തിളങ്ങി നിന്ന നായികയാണ് മനീഷ കൊയ്‌രാള. ബോംബെ,ഇന്ത്യൻ, ദിൽസേ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ താരം ഭാഗമായി. ശങ്കർ, മണിരത്നം തുടങ്ങിയ സംവിധായകരുടെ സ്ഥിരം നായികയായിരുന്നു ഒരുകാലത്ത് മനീഷ കൊയ്‌രാള. എന്നാൽ രണ്ടായിരത്തി രണ്ടിന് ശേഷം താരം സിനിമയിൽ നിന്നും പതുക്കെ അപ്രത്യക്ഷയായി. ഇതിൻ്റെ കാരണം എന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ താരം
തമിഴ്‌നാട്ടിൽ വലിയ ആരവങ്ങളോട് കൂടി പുറത്തിറങ്ങിയ രജനികാന്തിൻ്റെ ഫാൻ്സി ചിത്രമായ ബാബയുടെ പരാജയമാണ് സിനിമയിൽ തനിക്ക് കിട്ടുന്ന അവസരങ്ങൾ നഷ്ടമാക്കിയതെന്ന് താരം പറയുന്നു. സുരേഷ് കൃഷ്ണ ഒരുക്കിയ ചിത്രം രജനിയുടെ കരിയറിലെ ഏറ്റവും ഹൈപ്പിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു. എന്നാൽ ചിത്രത്തെ ആരാധകർ സ്വീകരിക്കാതിരിക്കുകയും പടം ഒരു വമ്പൻ പരാജയമായി മാറുകയും ചെയ്യുകയായിരുന്നു.ഇതോടെ തെന്നിന്ത്യൻ സിനിമയിൽ നായികയായി തന്നെ പരിഗണിക്കുന്നത് കുറഞ്ഞെന്ന് താരം പറയുന്നു. അന്ന് ചിത്രം സ്വീകരിക്കപ്പെട്ടില്ലെങ്കിലും പിൻകാലത്ത് ബാബ റീ റിലീസ് ചെയ്യുകയും വൻതോതിൽ കാണുകയും ചെയ്യ്തിരുന്നു. രജനികാന്ത് സിനിമയുടെ പ്രതീക്ഷയ്ക്കൊപ്പം നിൽക്കാൻ അന്ന് ചിത്രത്തിനായില്ല. എന്നാൽ ചിത്രം വീണ്ടും സ്വീകരിക്കപ്പെടുന്നതിൽ സന്തോഷമുണ്ട്. മനീഷ കൊയ്‌രാള പറഞ്ഞു.