Kantara: ഒ.ടി.ടിയിലും ഹിറ്റായി കാന്താര; ഇന്ത്യയില്‍ പ്രേക്ഷകരുടെ എണ്ണം 60 കോടി കടന്നു
ഈ വര്‍ഷം ഒടിടി പ്രേക്ഷകരുടെ വളര്‍ച്ചനിരക്ക് 10 ശതമാനത്തോളമാണ്.
കൊച്ചി: ഇന്ത്യയില്‍ ഒടിടിയില്‍ സിനിമകളും സീരീസും കാണുന്നവരുടെ എണ്ണം കൂടുന്നു. കഴിഞ്ഞമാസത്തോടെ ഒടിടി പ്രേക്ഷകരുടെ എണ്ണം 60.12 കോടിയായി. ഇത് ജനസംഖ്യയുടെ 41 ശതമാനത്തോളം വരുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ഒടിടി പ്രേക്ഷകരുടെ വളര്‍ച്ചനിരക്ക് 10 ശതമാനത്തോളമാണ്.
രാജ്യത്തെ വലിയ പഠനങ്ങളിലൊന്നായ ദി ഓര്‍മാക്സ് ഒടിടി ഓഡിയന്‍സ് റിപ്പോര്‍ട്ട് പ്രകാരമുള്ളതാണ് ഈ കണക്കുകള്‍. 2021-ല്‍ 35.32 കോടി പ്രേക്ഷകരാണുണ്ടായിരുന്നത്. തൊട്ടടുത്തവര്‍ഷം 20 ശതമാനത്തോളം വളര്‍ച്ച രേഖപ്പെടുത്തി 42.38 കോടിയായി ഉയര്‍ന്നിരുന്നു. 2024-ലാണ് 50 കോടി കടന്നത്.
കഴിഞ്ഞവാരത്തില്‍ ഒടിടിയില്‍ ഏറ്റവും കൂടുതല്‍പ്പേര്‍ കണ്ട അഞ്ച് ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ ഒന്നാമതുള്ളത് 'കാന്താര'യാണ്. 41 ലക്ഷം പേരാണ് കാന്താര കണ്ടത്. ഹിന്ദിയും മറാഠിയും ബംഗാളിയും അടക്കം ഏഴുഭാഷകളില്‍ സ്ട്രീമിങ്ങിന് എത്തിയ മലയാളചിത്രം 'ലോക'യാണ് ഈ പട്ടികയില്‍ രണ്ടാംസ്ഥാനത്തുള്ളത്. 40 ലക്ഷം പേര്‍ 'ലോക' കണ്ടു.