Select Your Language

Notifications

webdunia
webdunia
webdunia
Monday, 14 April 2025
webdunia

'മുടക്ക് മുതല്‍ തിരിച്ചു കിട്ടാതെ വിഷമിച്ച് വിറച്ചു നിന്ന നിര്‍മ്മാതാവ്'; 'ദേവദൂതന്‍' വീണ്ടും എത്തുമ്പോള്‍ ആ പഴയ കഥ നിങ്ങള്‍ക്കറിയാമോ ? സിനിമയ്ക്ക് പിന്നിലെ കഥ പറഞ്ഞ് രഘുനാഥ് പലേരി

Devadoothan

കെ ആര്‍ അനൂപ്

, വ്യാഴം, 20 ജൂണ്‍ 2024 (09:13 IST)
Devadoothan
ഒരിക്കല്‍ പരാജയപ്പെട്ട സിനിമ വീണ്ടും തിയേറ്ററുകളില്‍ എത്തിക്കണമെങ്കില്‍ ജനഹൃദയങ്ങളില്‍ ദേവദൂതന്റെ സ്ഥാനം എത്രത്തോളം എന്നത് ഊഹിക്കാം. ഇപ്പോഴിതാ സിനിമയുടെ പിറവിക്ക് പിന്നിലെ കഥ പറയുകയാണ് തിരക്കഥാകൃത്ത് രഘുനാഥ് പലേരി.മുടക്ക് മുതല്‍ തിരിച്ചു കിട്ടാതെ വിഷമിച്ചു വിറച്ചു നിന്ന സമയത്തും നിര്‍മ്മാതാവ് സിയാദ് കോക്കര്‍ പിടിച്ചുനിന്ന രീതി തന്നെ വിസ്മയിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ദേവദൂതന്‍ ഫോര്‍ കെ പതിപ്പിന്റെ റി റിലീസിനോടനുബന്ധിച്ചായിരുന്നു രഘുനാഥ് പലേരി പഴയ ഓര്‍മ്മകള്‍ പങ്കുവെച്ചത്.
'ഇരൂപത്തിനാല് വര്‍ഷം മുന്‍പുള്ള ഒരു ഊഞ്ഞാലാട്ടമായിരുന്നു എനിക്ക് ദേവദൂതന്‍. അന്ന് വര്‍ഷം 2000. എന്നാല്‍ അതിനും 18 വര്‍ഷം മുമ്പാണ് ആ ഊഞ്ഞാല്‍ ചരട് മനസ്സിന്റെ പരശ്ശതം ചില്ലകളില്‍ ഒന്നില്‍ ആദരവോടെ കെട്ടിയത്. അന്നും ഒപ്പം സിബി ഉണ്ടായിരുന്നു. അവന്റെ കൂടെ മലയും ഉണ്ടായിരുന്നു. അന്നത്തെ ദിവസങ്ങളുടെ ചില ഭാവപകര്‍ച്ചകള്‍ കാരണം, ആ ഊഞ്ഞാലില്‍ ഉല്ലാസത്തോടെ ആടാന്‍ എനിക്കും സിബിക്കും സാധിച്ചില്ല. മലയും എടുത്ത് സിബി സ്ഥലം വിട്ടു. പലേരിയുടെ കൈപിടിച്ച് ഞാനും മറ്റൊരു വഴിക്ക് ഓരോ കഥകളുടെ തോളില്‍ കയ്യിട്ടു നടന്നുപോയി. സിബി മലകളില്‍ നിന്നും മലകളിലേക്ക് കയറി സിബിമലയില്‍ ആയി മാറുന്ന കാഴ്ച്ച താഴ് വരകളില്‍ ചാരുകസേരയിട്ടിരുന്ന് കാണാന്‍ നല്ല കൗതുകമായിരുന്നു. എത്രയെത്ര മനോഹര ഊഞ്ഞാലുകളില്‍ അവന്‍ ആടിത്തിമര്‍ത്തു. 
ഓരോന്നും സ്വപ്ന തുല്യം.
 
തീരെ പ്രതീക്ഷിക്കാതെയാണ് വര്‍ഷങ്ങള്‍ക്കുശേഷം ഒരു ദിവസം സിബിയും സിയാദും ആ പഴയ ഊഞ്ഞാല്‍ ചരടും കയ്യിലെടുത്ത് വീണ്ടും ആടാനായി എന്നെ ക്ഷണിച്ചത്. അതൊന്ന് ശിഖരത്തില്‍ മുറുക്കി കെട്ടി നമുക്കൊന്ന് ആടണം എന്ന സദ്ചിന്ത അല്ലാതെ മറ്റൊന്നും സിയാദിലോ സിബിയിലോ ഉണ്ടായിരുന്നില്ല. എത്രയോ സിനിമകള്‍ എടുത്ത സിയാദിന്റെ മനസ്സിലെ ഇത്തിരി താളുകള്‍ എനിക്കും മന:പ്പാഠമായിരുന്നു.
ഓരോ സിനിമയും അദ്ദേഹം വെറുതെ നിര്‍മ്മിക്കുകയായിരുന്നില്ല. അതിന്റെ ശില്പികള്‍ക്കൊപ്പം നിന്ന്, അവരുടെ ചിന്തകളും സ്വപ്നങ്ങളും ഉള്‍ക്കൊണ്ട് ആസ്വദിച്ച് നെയ്‌തെടുക്കുകയായിരുന്നു. അങ്ങിനെയാണ് ദേവദൂതനും പിറക്കുന്നത്. സംഭാഷണ മധ്യേ എപ്പോഴോ ഒരിക്കല്‍ കഥ കേട്ട് അകൃഷ്ടനായി, ദേവദൂതനിലെ വിശാല്‍കൃഷ്ണമൂര്‍ത്തി ആവാന്‍ ശ്രീ മോഹന്‍ലാല്‍ ആഗ്രഹം പ്രകടിപ്പിച്ചു. ആ കഥാപാത്രമായി സദയം നിറഞ്ഞാടി ലാല്‍. ഒപ്പം മറ്റുള്ളവരും . 
 
ഏതൊരു സിനിമാ കലാരൂപം നെയ്‌തെടുക്കാനും അതിനാവശ്യമുള്ള സാമ്പത്തികം കൂടിയേ തീരൂ. അതാവട്ടെ, അത് കാണാന്‍ തിരശ്ശീലകള്‍ക്ക് ചുറ്റും ഒത്തുകൂടുന്ന ആസ്വാദക വൃന്ദങ്ങളില്‍ നിന്നു തന്നെയാണ് തിരിച്ചു കിട്ടേണ്ടതും. എല്ലാ സിനിമകള്‍ക്കും ആ മഹാഭാഗ്യം ഉണ്ടായെന്നു വരില്ല. അത് ആസ്വാദക വൃന്ദങ്ങളുടെയോ ശില്പികളുടെയോ ദൈവങ്ങളുടെയോ പിഴവല്ല. പിന്നെ എങ്ങനെ അത് സംഭവിക്കുന്നു എന്ന് ഒരു ഗണിതജ്ഞനും പറയാനും സാധിക്കില്ല. എന്നാലും പലരും അത് ഗണിച്ചു പറയും. സത്യത്തില്‍ അതൊന്നുമായിരിക്കില്ല അതിന്റെ ശരി. ശരിയായി ഒരു കാര്യമേയുള്ളൂ. എന്തു സംഭവിച്ചാലും കുലുങ്ങാതിരിക്കുക. കാലത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കുക. ചുറ്റുമുള്ളവരുടെ സര്‍വ്വ വിശകലനങ്ങള്‍ക്കു മുന്‍പിലും, ചിദാനന്ദഭാവത്തോടെ അവനവന്റെ തോളില്‍ കയ്യിട്ടു പിടിച്ചു നില്‍ക്കാന്‍ സാധിക്കുക. കാരണം, കാലം, കുരങ്ങന്റെ ചാട്ടം പോലെയാണ്. ലക്ഷ്യം വെക്കുന്ന ശിഖരത്തില്‍ പിടി എന്തായാലും വീഴും. പക്ഷേ ആഗ്രഹിച്ചത്ര സമയം പിടുത്തം അവിടെ തങ്ങി നിന്നെന്ന് വരില്ല. പിടികിട്ടിയതും മറ്റൊന്നിലേക്ക് ചാടിക്കും. അതിലും വാല്‍ ആട്ടിച്ചാടിയാടി മറ്റൊന്നിലേക്ക് പറപ്പിക്കും. 
 
അങ്ങിനെ കാലം പറപ്പിച്ച അനേകം മനുഷ്യരില്‍ ഒരു നിര്‍മ്മാതാവാണ് ശ്രീ സിയാദ് കോക്കര്‍. മുടക്ക് മുതല്‍ തിരിച്ചു കിട്ടാതെ വിഷമിച്ചു വിറച്ചു നിന്ന സമയത്തും അദ്ദേഹം പിടിച്ചു നിന്ന രീതി എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. കാലം കഴിയവേ ദേവദൂതന്റെ ഇഷ്ടത്തെക്കുറിച്ച് പലരും പറയുന്നത് കേട്ടും എഴുതുന്നത് വായിച്ചും അതേ ഇഷ്ടം മനസ്സില്‍ സൂക്ഷിക്കുന്ന അദ്ദേഹം, വീണ്ടും ഇതാ അതെടുത്ത് ഒന്നു തുടച്ചു മിനുക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നു. ഒപ്പം കൂടെ നില്‍ക്കുന്നു സിബിയും. 
 
കൂടുതല്‍ പറയുന്നില്ല. ശ്രീ വിദ്യാസാഗറിന്റെ സാഗര സംഗീത സാന്ദ്രതിരമാലകളില്‍ ആടിയുലഞ്ഞു , 4K റെസലൂഷനില്‍, അറ്റ്‌മോസ് ശബ്ദ പ്രസരണത്തില്‍, വിശാല്‍ കൃഷ്ണമൂര്‍ത്തിയേയും അലീനയേയും ഒപ്പമുള്ളവരെയും കാണാന്‍ ആഗ്രഹിക്കുന്നവര്‍ തിയേറ്ററിലേക്ക് വരാന്‍ മറക്കരുത്. സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു സര്‍വ്വ ജനറേഷനുകളെയും',-രഘുനാഥ് പലേരി കുറിച്ചു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അമ്മ'യുടെ പ്രസിഡന്റായി മോഹന്‍ലാല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ