Bhaama: സ്ത്രീധനം കൊടുത്തിട്ട് ഒരു സ്ത്രീയും വിവാഹം ചെയ്യേണ്ട ആവശ്യമില്ല: ഭാമ
മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് ഭാമ തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയത്.
നീണ്ടൊരു ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരികെ വന്നിരിക്കുകയാണ് നടി ഭാമ. സുമതി വളവ് എന്ന ചിത്രത്തിലെ അതിഥി വേഷത്തിലൂടെയാണ് ഭാമയുടെ തിരിച്ചുവരവ്. നല്ല വേഷങ്ങൾ തേടി വരികയാണെങ്കിൽ തുടർന്നും അഭിനയിക്കുമെന്ന് ഭാമ പറയുന്നു. സ്ത്രീധനം കൊടുത്തിട്ടൊരു വിവാഹം വേണ്ടെന്ന് ഭാമ പറയുന്നു. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് ഭാമ തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയത്.
സ്ത്രീധനം കൊടുത്തിട്ട് ഒരു സ്ത്രീയും വിവാഹം ചെയ്യേണ്ട ആവശ്യമില്ല. ഒരു കുടുംബം ഉണ്ടാവുക എന്നത് സ്ത്രീയുടേയും പുരുഷന്റേയും ആവശ്യമാണ്. എന്തിന്റെ പേരിലാണ് സ്ത്രീധനം കൊടുക്കേണ്ടത്? എന്നാണ് ഭാമ ചോദിക്കുന്നത്. നിയമപരമായി സ്ത്രീധനം നിരോധിച്ചുവെന്ന് പറഞ്ഞാലും അതിന്റെ പേരിലുള്ള അതിക്രമങ്ങൾ സ്ത്രീകൾ ഇന്നും നേരിടുന്നുണ്ടെന്നും ഭാമ ചൂണ്ടിക്കാണിക്കുന്നു.
പെൺകുട്ടികളോടായി ഭാമ പറയുന്നത് പഠിക്കുക, ജോലി നോടുക എന്നാണ്. പഠിക്കാൻ കഴിവില്ലാത്തവർ എന്തെങ്കിലും ഒരു കൈത്തൊഴിൽ കണ്ടെത്തണം. സ്വന്തം ആവശ്യങ്ങൾ നിറവേറ്റാനുള്ള ഒരു ജോലി ഉണ്ടാക്കിയെടുക്കണം എന്നും ഭാമ പറയുന്നു. അതേസമയം പങ്കാളി വേണ്ട എന്നല്ല താൻ പറയുന്നതിന്റെ അർത്ഥമെന്നും ഭാമ വ്യക്തമാക്കുന്നുണ്ട്.
'കല്യാണം കഴിക്കണമെന്ന് സ്ത്രീകൾക്ക് തോന്നിയാൽ മാത്രം വിവാഹം കഴിക്കുക. അത് സ്ത്രീധനം കൊടുത്താവരുത്. സ്ത്രീകളുടെ പണം അവരുടെ ക്ഷേമത്തിന് വേണ്ടിയുള്ളതായിരിക്കണം. തിരിച്ച് പുരുഷന്റെ പണം ഇങ്ങോട്ടും വേണ്ട. തുല്യ ഉത്തരവാദിത്തമുള്ള രണ്ട് വ്യക്തികൾ ചേർന്ന് ഒരുമിച്ചുള്ള ജീവിതം എന്ന തലത്തിൽ വിവാഹം റീ ഡിസൈൻ ചെയ്യാൻ പറ്റണം'' എന്നാണ് വിവാഹത്തെക്കുറിച്ച് ഭാമ പറയുന്നത്.
അതേസമയം താൻ പുരുഷന്മാർക്ക് എതിരല്ലെന്നും ഇരുഭാഗത്തും ശരിയും തെറ്റിയും ഉണ്ടാകാമെന്നും ഭാമ പറയുന്നു. പങ്കാളിയെന്നാൽ പരസ്പരം താങ്ങാൻ കഴിയുന്നവരായിരിക്കണം. നമുക്ക് എന്താണ് ഈ വിവാഹ ബന്ധത്തിലൂടെ വേണ്ടതെന്നതിൽ വ്യക്തമായ ധാരണ വേണമെന്നും ഭാമ അഭിപ്രായപ്പെടുന്നുണ്ട്. ഒരു പ്രത്യേക അജണ്ട മുൻനിർത്തിയാകരുത് വിവാഹമെന്നും താരം പറയുന്നു.
'ഒരു അജണ്ട മുൻനിർത്തിയാവരുത് വിവാഹം. എനിക്ക് ഭക്ഷണം ഉണ്ടാക്കി തരാനും എന്റെ വീട്ടിലെ കാര്യങ്ങൾ നോക്കാനും ഒരാൾ എന്ന തലത്തിലേക്ക് പരിമിതപ്പെടരുത്. തിരിച്ച് എന്റെ ചെലവുകൾ നോക്കാൻ വേണ്ടി മാത്രം ഒരു ഭർത്താവ് അങ്ങനെയുമാവരുത്. അതിനൊക്കെയപ്പുറം പരിശുദ്ധമായ സ്നേഹമുണ്ടാവണം. ആത്മാർഥത വേണം. ഒരാൾ വീണു പോകുമ്പോൾ അയാൾക്ക് താങ്ങാകാൻ സ്വന്തം പങ്കാളിയല്ലാതെ വേറെയാരാണ് വരിക? അടിസ്ഥാനപരമായി സ്നേഹമുണ്ടെങ്കിൽ മറ്റെല്ലാം താനെ വന്നു ചേരും'' എന്നാണ് ഭാമ പറയുന്നത്.