Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പരിഹാസ്യത്തിന്റെയും ഒറ്റപെടലിന്റെയും വേദന സഹിക്കേണ്ടി വന്ന നാലു വര്‍ഷം'; 'തുറമുഖം' റിലീസിന് മുന്നേ നിര്‍മ്മാതാവിന് പറയാനുള്ളത്

'പരിഹാസ്യത്തിന്റെയും ഒറ്റപെടലിന്റെയും വേദന സഹിക്കേണ്ടി വന്ന നാലു വര്‍ഷം'; 'തുറമുഖം' റിലീസിന് മുന്നേ നിര്‍മ്മാതാവിന് പറയാനുള്ളത്

കെ ആര്‍ അനൂപ്

, വെള്ളി, 10 മാര്‍ച്ച് 2023 (11:58 IST)
മൂന്നുതവണ തുറമുഖം റിലീസ് മാറ്റിവെക്കപ്പെടാനുള്ള സാഹചര്യം ഉണ്ടായത് നിര്‍മ്മാതാവ് സുകുമാര്‍ തെക്കേപ്പാട്ടിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ ആണെന്ന് നിവിന്‍ പോളി തന്നെ പറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമ റിലീസിന് മുന്നോടിയായി നിര്‍മ്മാതാവ് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
 
സുകുമാര്‍ തെക്കേപ്പാട്ടിന്റെ വാക്കുകളിലേക്ക്
 
തുറമുഖം സിനിമ നിങ്ങള്‍ക്കറിയാവുന്നതുപോലെ ഇന്ന് നിങ്ങള്‍ക്ക് മുന്‍പിലെത്തുകയാണ്. പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ട്.
എല്ലാവരും തീയറ്ററില്‍ തന്നെ പോയി സിനിമ കാണുമെന്ന് പ്രത്യാശിക്കുന്നു. രാജീവേട്ടന്‍ മികച്ചതായി ചെയ്ത ഒരു ചലച്ചിത്ര കാവ്യമാണ് തുറമുഖം എന്നാണ് എന്റെ പക്ഷം. അതുപോലെ സങ്കടങ്ങളുടെയും പരിഹാസ്യത്തിന്റെയും ഒറ്റപെടലിന്റെയും വേദന അങ്ങേയറ്റം ഞാന്‍ കഴിഞ്ഞ നാലു വര്‍ഷം സഹിക്കേണ്ടി വന്ന എന്റെ സിനിമാ ജീവിതമാണ് ഇതോടെ അവസാനിക്കുന്നത്. പല പ്രാവശ്യം സിനിമ റിലീസിന് തയ്യാറെടുത്തെങ്കിലും നടപടിയായില്ല, കാരണം ഇതില്‍ സ്ഥാപിത താല്പര്യക്കാരായ ചിലര്‍ ഉണ്ടായിരുന്നു എന്നും അവര്‍ അതിന് അപ്പോഴെല്ലാം ബോധപൂര്‍വ്വം തടസ്സം നിന്നു എന്ന് തന്നെ പറയേണ്ടിവരും. ഞാന്‍ ആര്‍ജ്ജിച്ച ജീവിതത്തിന്റെ മാന്യത കൊണ്ട് ഇപ്പോള്‍ ആരുടെയും പേരെടുത്ത് പറയുന്നില്ല. ഓരോ ഘട്ടത്തിലും ട്രൈലറിന്റെയും ഫേസ്ബുക്ക് പോസ്റ്റുകളുടെയും താഴെ തനിക്കു സിനിമ നിര്‍മ്മിക്കാനും അതും വിതരണം ചെയ്യാനും പറ്റില്ലെങ്കില്‍ ഈ പണി നിര്‍ത്തി പോടാ എന്ന് പല തരാം ഭാഷകളില്‍ പറഞ്ഞവരുണ്ട്. എല്ലാരോടും എനിക്ക് നന്ദി മാത്രമേയുള്ളൂ. എന്റെ ജീവിതം അടിമുടി സിനിമയാണ്. സിനിമ സ്വപ്നം കണ്ടുറങ്ങുകയും എഴുന്നേല്‍ക്കുകയും ചെയ്ത ഒരു ജീവിതമുണ്ട്. മദ്രാസ്സില്‍ കിടന്നുറങ്ങാന്‍ ഇടമില്ലാത്ത കാലത്തു സിനിമാമോഹങ്ങളുമായി നടന്നൊരു കാലം. എണ്ണയടിക്കാന്‍ പോലും പൈസയില്ലാതെ പഴയൊരു സ്പ്ലെണ്ടര്‍ ബൈക്കുമായി സിനിമയുടെ എക്‌സിക്യൂട്ടീവ് ആയി നടന്നൊരു കാലമുണ്ട്. അങ്ങനെ തുടങ്ങിയതാണിത്. സിനിമയില്‍ ഞാന്‍ പരമാവധി ആളുകളെ സഹായിക്കാന്‍ മാത്രമേ ശ്രമിച്ചിട്ടുള്ളൂ. പലപ്പോഴും ഒന്നും നേടിയിട്ടുമില്ല. അതേസമയം ധാരാളം പഴികള്‍ മാത്രം കിട്ടിയിട്ടുമുണ്ട്. തുറമുഖം പോലൊരു സിനിമ ചെയ്യാന്‍ മാത്രം എനിക്ക് ത്രാണിയില്ലായിരിക്കാം, ചിലപ്പോള്‍ പലര്‍ക്കും കൊടുക്കാനുള്ള പൈസ കൊടുക്കാന്‍ ആവാത്ത സാഹചര്യത്തില്‍ ചില ചെറിയ കള്ളങ്ങള്‍ പറഞ്ഞിട്ടുണ്ടാകാം, പലരുടെയും പക്കല്‍ നിന്ന് കടം വാങ്ങിയിട്ടുണ്ടാകാം. എല്ലാം സമ്മതിക്കുന്നു. ഇതെല്ലാം സിനിമ എന്ന മേഖലയോടുള്ള പ്രണയം കൊണ്ടാണ്. വേദനയുടെ വല്ലാത്ത തീച്ചൂളയില്‍ നിന്ന് കാലും കൈയ്യും വെന്തുരുകുമ്പോഴും, മനസ്സ് വല്ലാതെ വ്രണപ്പെട്ടപ്പോഴും കൂടെ നിന്ന, ചേര്‍ത്തുപിടിച്ച അനേകം പേരുണ്ട്. പേരെടുത്ത് പറയുന്നില്ല. അവരോട് നന്ദി പറയാന്‍ ഭാഷകളില്ല, അവരോട് വല്ലാതെ കടപ്പെട്ടിരിക്കുന്നു. കടപ്പാടുണ്ട് പ്രേക്ഷകരായ നിങ്ങളോടും. സിനിമയില്‍ തന്നെ ഉണ്ടാകും മരണം വരെയും. കാരണം ഏറെ പ്രണയിച്ചുപോയി സിനിമയെ. എല്ലാവരും സിനിമ കാണുമെന്ന പ്രതീക്ഷയോടെ.
തുറമുഖത്തിന് വേണ്ടി, രാജീവേട്ടന് വേണ്ടി 
സുകുമാര്‍ തെക്കേപ്പാട്ട്
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്നത്തെ റിലീസ് സിനിമകള്‍ ! 'തുറമുഖം' മുതല്‍ 'ആളങ്കം' വരെ