'കുഞ്ഞിക്കാ, ഐ ലവ് യൂ’ - ദുല്‍ക്കര്‍ സല്‍മാനും വിജയ് ദേവരകൊണ്ടയും ഒരുമിക്കുന്നു!

വെള്ളി, 12 ജൂലൈ 2019 (16:22 IST)
മലയാളത്തിന്‍റെ യുവസൂപ്പര്‍താരം ദുല്‍ക്കര്‍ സല്‍മാനും തെലുങ്ക് യുവ സൂപ്പര്‍സ്റ്റാര്‍ വിജയ് ദേവരകൊണ്ടയും ഒരുമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വിജയ് ദേവരകൊണ്ട തന്നെയാണ് ഇക്കാര്യത്തേക്കുറിച്ച് സൂചന നല്‍കിയത്.
 
വിജയുടെ പുതിയ ചിത്രം ‘ഡിയര്‍ കോമ്രേഡ്’ ഉടന്‍ പ്രദര്‍ശനത്തിനെത്തുകയാണ്. ചിത്രത്തിന്‍റെ മലയാളം ട്രെയിലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. അത് ഷെയര്‍ ചെയ്തുകൊണ്ട് ദുല്‍ക്കര്‍ സല്‍മാന്‍ സോഷ്യല്‍ മീഡിയ പേജില്‍ ഒരു കുറിപ്പിട്ടിരുന്നു.
 
“വിജയ് ദേവരകൊണ്ടയുടെ ഡിയര്‍ കോമ്രേഡ് എന്ന ചിത്രത്തിന്‍റെ മലയാളം ട്രെയിലര്‍ ലോഞ്ച് ചെയ്യാന്‍ എനിക്ക് കഴിഞ്ഞത് അങ്ങേയറ്റം സന്തോഷം തരുന്ന കാര്യമാണ്. ഇതിലെ താരങ്ങളുടെ എനര്‍ജിയും പെര്‍ഫോമന്‍സും മേക്കിംഗും എനിക്ക് പ്രിയപ്പെട്ടതാകുന്നു. വിജയ്ക്ക് ഒരുപാട് സ്നേഹം, ടീമിന് വിജയാശംസകള്‍” - ഇതായിരുന്നു ദുല്‍ക്കറിന്‍റെ കുറിപ്പ്.
 
ഇതിന് മറുപടിയായി വിജയ് ദേവരകൊണ്ട കുറിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. “കുഞ്ഞിക്ക, ഐ ലവ് യു. നിങ്ങളാണ് ഏറ്റവും മികച്ചത്. ദുല്‍ക്കറും ഞാനും ചേര്‍ന്ന് മറ്റൊരു മാസീവ് മാസീവ് സര്‍പ്രൈസ് നിങ്ങള്‍ക്ക് ഉടനെ നല്‍കും” - എന്നായിരുന്നു വിജയ് ദേവരകൊണ്ട എഴുതിയത്.
 
ഇത് ഇരുവരും ഒരുമിച്ച് ഒരു സിനിമ ഉടന്‍ ഉണ്ടാകും എന്നതിന്‍റെ സൂചനയായാണ് ആരാധകര്‍ കാണുന്നത്. ‘മഹാനടി’ എന്ന തെലുങ്ക് ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. എന്നാല്‍ ആ ചിത്രത്തില്‍ ഇവര്‍ക്ക് ഒരു കോമ്പിനേഷന്‍ സീന്‍ പോലും ഉണ്ടായിരുന്നില്ല. രണ്ടുപേരും ചേര്‍ന്ന് ഒരു ആക്ഷന്‍ എന്‍റര്‍ടെയ്‌നര്‍ വരുകയാണെങ്കില്‍ അത് ദക്ഷിണേന്ത്യയുടെ ആകെ ഉത്സവമായി മാറുമെന്നതില്‍ സംശയമില്ല.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 30 വർഷങ്ങൾക്ക് ശേഷം അതേ മമ്മൂക്കയെ വെച്ച് മാമാങ്കം സംവിധാനം ചെയ്യുക, സ്വപ്നത്തിൽ പോലും കാണാത്ത കാര്യം: എം പദ്മകുമാർ