മമ്മൂട്ടിയുടെ ആ ലുക്ക് ബിലാലിന്‍റേതല്ല, സത്യന്‍ അന്തിക്കാടിന്‍റെ സിനിമയിലേത് ?

തിങ്കള്‍, 6 മെയ് 2019 (15:01 IST)
മമ്മൂട്ടി കഴിഞ്ഞ ദിവസം ഒരു സ്റ്റൈലിഷ് ലുക്ക് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത് വലിയ ചര്‍ച്ചാവിഷയമായിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ‘ബിലാല്‍’ എന്ന സിനിമയിലെ ലുക്കാണ് അതെന്നാണ് പ്രചരിച്ചത്. എന്നാല്‍ അത് ബിലാലിലെ ലുക്കല്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
 
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍. ആ സിനിമയിലെ ഒരു ഘട്ടത്തിലേക്കുള്ള ലുക്കാണ് അതെന്നാണ് സൂചനകള്‍. ഒരു ക്ലീന്‍ ഫാമിലി എന്‍റര്‍ടെയ്‌നറാണ് സത്യന്‍ അന്തിക്കാട് മമ്മൂട്ടിക്കുവേണ്ടി ഒരുക്കുന്നത്. എന്നാല്‍ കുറച്ച് നിഗൂഢതകളും ചിത്രത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.
 
അതിലേക്കായുള്ള ലുക്കാണ് ഇതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വാദം. എന്നാല്‍ ഇത് അതൊന്നുമല്ലെന്നും ‘മാമാങ്കം’ എന്ന സിനിമയിലെ താടിവച്ച ലുക്കാണിതെന്നും മറുവാദവും ഉയരുന്നു. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രത്തിലെ ലുക്കാണ് ഇതെന്നും ചിലര്‍ പറയുന്നു.
 
അമല്‍ നീരദിന്‍റെ ബിലാല്‍ ഉടന്‍ ചിത്രീകരണം ആരംഭിക്കുന്നില്ല. സത്യന്‍ അന്തിക്കാട് സിനിമയുടെ പ്രാഥമിക ജോലികളും പൂര്‍ത്തിയായിട്ടില്ല. അപ്പോള്‍ പിന്നെ മാമാങ്കത്തിലെ ലുക്ക് തന്നെയായിരിക്കും ഇതെന്ന ഒത്തുതീര്‍പ്പിലെത്തിയിരിക്കുകയാണ് ആരാധകര്‍.
 
ഏത് പടത്തിലെ ലുക്കായാലും, ഇത് ദുല്‍ക്കര്‍ സല്‍മാനുള്ള ഒരു വെല്ലുവിളിയാണെന്നാണ് മമ്മൂട്ടി ആരാധകര്‍ വ്യക്തമാക്കുന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 'അദ്ദേഹത്തിന്റെ അഭിനയം പോരെന്നു പറയാൻ നിങ്ങളാര്?'; 'വടികൊടുത്ത് അടി വാങ്ങി' നടി അമല പോൾ