ആറുദിവസത്തെ ആശുപത്രിവാസത്തിനുശേഷം ഡിസ്ചാർജ് ചെയ്ത് വീട്ടിേലക്കു മടങ്ങുന്ന ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന്റെ വീഡിയോ പുതിയ ചർച്ചകൾക്കാണ് വഴി തെളിച്ചിരിക്കുന്നത്. തങ്ങളുടെ സ്വകാര്യതയിലേക്ക് ഇടിച്ച് കയറരുതെന്ന് കഴിഞ്ഞ ദിവസങ്ങളിൽ പലതവണയായി കരീന കപൂർ ആവശ്യപ്പെട്ടിരുന്നു. സെയ്ഫിന്റെ വീഡിയോ പുറത്തുവന്നതോടെ കരീനയുടെ അഭ്യർത്ഥനയുടെ കാരണം വ്യക്തമാവുകയാണെന്ന് എക്‌സിൽ ചർച്ച.
നട്ടെല്ലിനുൾപ്പടെ ഗുരുതുര പരുക്കേറ്റ താരം പെട്ടന്നെങ്ങനെ ഇത്ര ആരോഗ്യവാനായി നടന്നു പോയി എന്നതാണ് വീഡിയോ കാണുന്നവരുടെ ചോദ്യം. ആറ് കുത്ത്, അതിലൊന്ന് നട്ടെല്ലിന് സമീപം. നട്ടെല്ലിന് ശസ്ത്രക്രിയ എന്നിങ്ങനെയായിരുന്നു റിപ്പോർട്ട് പ്രചരിച്ചത്. നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയ ഒരാൾക്ക് എങ്ങനെയാണ് ആറാം ദിവസം ഒരു വീൽചെയറിന്റെയോ സ്ട്രെക്ച്ചറിന്റെയോ സഹായമില്ലാതെ ആരോഗ്യവാനായി നടക്കുന്നത് എന്നാണ് ആരാധകരുടെ ചോദ്യം.
ആക്രമണത്തിൽ കഴുത്തിലും നട്ടെല്ലിനു സമീപവും ഉൾപ്പെടെ നടന് ആഴത്തിൽ കുത്തേറ്റുവെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ട്. സെയ്‌ഫിന്റെ നട്ടെല്ലിന് സമീപത്തു തറച്ച കത്തിയുടെ ഭാഗങ്ങൾ പുറത്തെടുക്കാൻ ഒരു ന്യൂറോശസ്ത്രക്രിയ നടന്നെന്നും, ഇതിനു പുറമേ ഒരു പ്ലാസ്റ്റിക് സർജറി കൂടിയുണ്ടായിരുന്നു എന്നും വാർത്തകൾ വന്നു.
ഒടിഞ്ഞ കത്തിയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു. ഇതെല്ലാം വെറും പിആർ സ്റ്റണ്ട് ആണെന്നും പൊലീസും രാഷ്ട്രീയക്കാരും ചേർന്ന് സിനിമാക്കാർക്കൊപ്പം മികച്ചൊരു തിരക്കഥ മെനയുകയാണ് ചെയ്യുന്നതെന്നും ഇവർ അഭിപ്രായപ്പെടുന്നു.