സിനിമാ തിരക്കിലാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. സഹോദരങ്ങളാണെങ്കിലും ഇരുവരും തമ്മിൽ കാണൽ വളരെ കുറവാണ്. സിനിമയുടെ തിരക്ക് മൂലം ഇവർക്ക് ഒരുമിച്ച് സമയം ചിലവഴിക്കാൻ സാധിക്കാറില്ല. ഇപ്പോഴിതാ പൃഥ്വിരാജിനെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ദ്രജിത്ത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
ഞാൻ രാജുവിനെ കണ്ടിട്ട് തന്നെ ആറ് മാസമായെന്ന് തോന്നുന്നു. ഞങ്ങളെല്ലാവരും സിനിമയിലുള്ള ആൾക്കാരാണല്ലോ. രാജു എറണാകുളത്തുള്ള സമയത്ത് ഞാനവിടെ കാണില്ല. ഇപ്പോൾ രാജു ഇവിടെ ഇല്ല. ഞാനുണ്ട്. അങ്ങനെ മീറ്റ് ചെയ്യുന്ന സാഹചര്യങ്ങൾ വളരെ കുറവാണ്. വർഷത്തിലൊരിക്കൽ ഓണത്തിനോ അമ്മയുടെ പിറന്നാളിനോ ഒക്കെയാണ് ഞങ്ങൾ കാണുന്നത്.
അല്ലാതെ റെഗുലർ ഇന്റരാക്ഷൻസും സംസാരങ്ങളും കാര്യങ്ങളുമില്ല. വല്ലപ്പോഴും മീറ്റ് ചെയ്യും. കാണുമ്പോൾ അവസാനം കണ്ടതിൽ നിന്നും വീണ്ടും തുടങ്ങും. എപ്പോഴും അങ്ങനെ കാണാനും സംസാരിക്കാനും ഒരു കുടുംബം പോലെ ഒരുമിച്ചിരുന്ന് സമയം ചെലവഴിക്കാനും നമുക്ക് സാധിക്കാറില്ല. പക്ഷെ സമയം കിട്ടുമ്പോൾ അത് വിനിയോഗിക്കും. രാജുവിനൊപ്പമുള്ള സമയം ഞാൻ എൻജോയ് ചെയ്യുന്നുണ്ട്.
അടുത്ത കാലത്ത് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചത് യുഎസിൽ എമ്പുരാന്റെ ഷൂട്ടിംഗ് നടന്നപ്പോഴാണ്. മൂന്ന് ദിവസം വളരെ നല്ല സമയമായിരുന്നു. സഹോദരങ്ങൾ തമ്മിലുള്ള സമയം. പൂർണിമയും സുപ്രിയയുമൊന്നുമില്ലായിരുന്നു. ഞാനും രാജുവും മാത്രം. സഹോദരനായി രാജുവിനെ കാണാൻ പറ്റി. അതെപ്പോഴും നടക്കാറില്ല. വല്ലപ്പോഴുമാണ് അങ്ങനെയുള്ള ചാൻസ് കിട്ടുന്നതെന്ന് ഇന്ദ്രജിത്ത് പറയുന്നു.