എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് വാരാണസി. മഹേഷ് ബാബു ആണ് നായകൻ. പ്രിയങ്ക ചോപ്ര നായിക. പൃഥ്വിരാജ് സുകുമാരൻ വില്ലനാകുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് അടുത്തിടെയാണ് ഹൈദരാബാദിൽ വച്ച് നടന്നത്. വാരാണസിയുടെ ചിത്രീകരണം പുരോഗമിക്കുന്നു.
ടൈറ്റിൽ ലോഞ്ചിനെത്തിയ മഹേഷ് ബാബുവിന്റെ ലുക്കിന്റെ പിന്നിലെ രഹസ്യം തിരയുകയാണ് ആരാധകർ ഇപ്പോഴും. കഴിഞ്ഞ ഓഗസ്റ്റിൽ 50 വയസ് പൂർത്തിയാക്കിയ മഹേഷ് ബാബു, ഇപ്പോഴും ചെറുപ്പമായിരിക്കുന്നതാണ് ആരാധകരെ അമ്പരപ്പെടുത്തിയിരിക്കുന്നത്. 'സന്തൂർ ഡാഡി' എന്നാണ് മഹേഷ് ബാബുവിനെ ആരാധകർ ഇപ്പോൾ വിശേഷിപ്പിക്കുന്നത്.
അതോടൊപ്പം മഹേഷ് ബാബുവും സംവിധായകൻ രാജമൗലിയും തമ്മിലുള്ള പ്രായ വ്യത്യാസവും ആരാധകർ ചർച്ചയാക്കുന്നുണ്ട്. 'വാരണാസി'യുടെ ടൈറ്റിൽ ലോഞ്ച് വേദിയിൽ ഇരുവരും ഒരുമിച്ചുണ്ടായിരുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയപ്പോഴാണ് ഈ താരതമ്യം കൂടുതൽ ശ്രദ്ധ നേടിയത്. മഹേഷ് ബാബുവിന് 50 വയസും രാജമൗലിയ്ക്ക് 52 വയസുമാണ് പ്രായം.
'കൃത്യമായ വ്യായാമത്തിലൂടെയും ഡയറ്റിലൂടെയും മഹേഷ് ബാബു ഇപ്പോഴും ഒരു യുവാവിനെപ്പോലെ ഇരിക്കുന്നു', 'പലപ്പോഴും അത്ഭുതമായി തോന്നിയിട്ടുള്ള കാര്യമാണ് മഹേഷ് ബാബു എങ്ങനെ ഇങ്ങനെ യങ് ആയി ഇരിക്കുന്നു എന്ന്... 43 വയസുള്ള പൃഥ്വിരാജിനെയും പ്രിയങ്കയെക്കാളും ചെറുപ്പമാണല്ലോ 50 കാരനായ മഹേഷ് ബാബു', 'ഇവരൊക്കെ ഇത്ര ചെറുപ്പമായിരിക്കാൻ എന്താണാവോ കഴിക്കുന്നത് ?'- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.
അതേസമയം, രുദ്ര എന്ന നായക കഥാപാത്രമായി മഹേഷ് ബാബു എത്തുമ്പോൾ കുംഭ എന്ന വില്ലനായാണ് ചിത്രത്തിൽ പൃഥ്വിരാജ് എത്തുന്നത്. മന്ദാകിനി എന്ന കഥാപാത്രമായി പ്രിയങ്ക ചോപ്രയും ചിത്രത്തിലെത്തുന്നു.