മലയാളികൾക്ക് മറക്കാനാകാത്ത നടിയാണ് കനക. തമിഴിലും മലയാളത്തിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു കനകയുടെ അമ്മയുടെ മരണം. ഇത് നടിയുടെ ജീവിതം മാറ്റിമറിച്ചു. സിനിമാജീവിതം എന്നെന്നേക്കുമായി ഉപേക്ഷിച്ച നടി, വീട്ടിൽ തന്നെ ജീവിതം തുടരാൻ തീരുമാനിച്ചു. ഏറെക്കാലമായി അജ്ഞാതവാസം തുടരുന്ന കനക ഇടയ്ക്കിടെ ഉയരുന്ന വിവാദങ്ങളിലൂടെയാണ് ചർച്ചയാകുന്നത്.
അമ്മയില്ലാത്ത ജീവിതം കനകയ്ക്ക് ഉൾക്കൊള്ളാനായില്ല. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കനക ഏകാകിയായി ചെന്നൈയിലെ വീട്ടിൽ അടച്ച് കഴിയുകയാണ്. കുറേ നായ്ക്കൾക്കും പൂച്ചകൾക്കുമൊപ്പം ചെന്നൈയിലെ വീട്ടിൽ ഏകാന്ത വാസത്തിലാണവർ. കനക അവിവാഹിതയാണെന്നും വിവാഹം കഴിച്ചിട്ടുണ്ടെന്നുമൊക്കെയുള്ള കിംവദന്തികൾ പലകാലത്തും പരന്നിട്ടുണ്ട്.
വിവാഹത്തെക്കുറിച്ച് ഏറെ അഭ്യൂഹങ്ങൾ പ്രചരിക്കപ്പെട്ട സാഹചര്യത്തിൽ കനക ഒരിക്കൽ ഇതിൽ വ്യക്തത വരുത്തിയിട്ടുണ്ട്. 2010ൽ വിവാഹിതയായെന്നും വിവാഹം കഴിഞ്ഞ് 15 ദിവസത്തിനു ശേഷം ഭർത്താവ് കടന്നു കളഞ്ഞെന്നുമായിരുന്നു കനകയുടെ വെളിപ്പെടുത്തൽ. എന്നാൽ എല്ലാം കനകയുടെ തോന്നലാണെന്നും കനകയുടെ മാനസിക നില ശരിയല്ലെന്നും ആരോപിച്ച് കനകയുടെ അച്ഛൻ രംഗത്തു വന്നിരുന്നു.