തെന്നിന്ത്യന്‍ സിനിമയെ ഞെട്ടിച്ച സിനിമയായിരുന്നു കാര്‍ത്തിയെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ കൈതി എന്ന സിനിമ. പിന്നീട് കമല്‍ഹാസനെ നായകനാക്കിയ വിക്രം എന്ന സിനിമയിലൂടെ കൈതി ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമായിരുന്നു. ഇതോടെ വിക്രം 2 എന്ന സിനിമയെ പോലെ തന്നെ ആരാധകര്‍ ഏറെ പ്രതീക്ഷിക്കുന്ന സിനിമയായി കൈതി മാറിയിരുന്നു.
എന്നാല്‍ കൈതി ഇറങ്ങി 7 വര്‍ഷം പിന്നിടുമ്പോഴും കൈതി 2 എപ്പോള്‍ തുടങ്ങുമെന്ന വിവരം ഇതുവരെയും ലോകേഷ് അറിയിച്ചിട്ടില്ല. ഇതിനിടെ കൈതിയില്‍ കാര്‍ത്തിയുടെ മകളായി അഭിനയിച്ച ബേബി മോണിക്ക തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചതോടെ ലോകേഷിനെതിരെ തിരിഞ്ഞിരിക്കുകയാണ് ആരാധകര്‍.
കൈതിയില്‍ കാര്‍ത്തി എടുത്തുനടക്കുന്ന ബേബി മോണിക്ക വലുതായി എന്നിട്ടും സിനിമയുടെ രണ്ടാം ഭാഗത്തെ പറ്റി ഒരു വിവരവുമില്ലെന്നാണ് ആരാധകരുടെ പരാതി. കൈതി ചെയ്ത് പോയ ശേഷം മാസ്റ്റര്‍, ലിയോ, കൂലി തുടങ്ങിയ സിനിമകളെല്ലാം ലോകേഷ് ചെയ്തപ്പോഴും കൈതിയെ കയ്യൊഴിഞ്ഞു. കൈതി 2 ചെയ്യേണ്ട സമയത്ത് ഇപ്പോള്‍ അഭിനയരംഗത്ത് കൈവെച്ചിരിക്കുകയാണ് ലോകേഷ് എന്നിങ്ങനെ പോകുന്നു ആരാധകരുടെ പരാതി.
നിലവില്‍ ക്യാപ്റ്റന്‍ മില്ലര്‍, സാനി കായിധം തുടങ്ങിയ സിനിമകള്‍ ചെയ്ത അരുണ്‍ മതേശ്വരന്റെ ഡിസി എന്ന സിനിമയില്‍ നായകനായി അഭിനയിക്കുകയാണ് ലോകേഷ്. അടുത്തിടെ സിനിമയുടെ പ്രമോ ടീസര്‍ പുറത്തിറങ്ങിയതോടെയാണ് ലോകേഷിനെതിരായ വിമര്‍ശനം ശക്തമായത്.