Select Your Language

Notifications

webdunia
webdunia
webdunia
webdunia

വലിയ തെറ്റിന് തിരി കൊളുത്തിയ ആ പ്രമുഖ താരം ആര്?; ലിസ്റ്റിന്റെ വിമർശനം വിരൽ ചൂണ്ടുന്നത് ഈ 3 നടന്മാർക്ക് നേരെ

ദിലീപിനെ നായകനാക്കി താന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ ടീസര്‍ ലോഞ്ച് വേദിയിലായിരുന്നു ലിസ്റ്റിന്‍റെ വിമര്‍ശനം.

Listin Stephen

നിഹാരിക കെ.എസ്

, ശനി, 3 മെയ് 2025 (12:05 IST)
ചലച്ചിത്ര നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ഇന്നലെ നടത്തിയ ഒരു പ്രസ്താവന ഏറെ ശ്രദ്ധേയമായിരുന്നു. മലയാള സിനിമയിലെ ഒരു പ്രമുഖ താരത്തിനെതിരെ, പേര് വെളിപ്പെടുത്താതെ നടത്തിയ വിമര്‍ശനം വാര്‍ത്താപ്രാധാന്യം നേടുകയും സോഷ്യൽ മീഡിയയിൽ ഇതുസംബന്ധിച്ച ചർച്ചകൾക്ക് വഴി തെളിക്കുകയും ചെയ്തിരുന്നു. ദിലീപിനെ നായകനാക്കി താന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ ടീസര്‍ ലോഞ്ച് വേദിയിലായിരുന്നു ലിസ്റ്റിന്‍റെ വിമര്‍ശനം. 
 
മലയാള സിനിമയിലെ പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്നായിരുന്നു ലിസ്റ്റിന്‍റെ വാക്കുകള്‍. ആ നടന്‍ വലിയൊരു മാലപ്പടക്കത്തിന് തിരി കൊളുത്തിയിട്ടുണ്ട്. ആ തെറ്റ് ഇനി ആവർത്തിക്കരുത്. താനീ പറയുന്നത് ആ താരത്തിന് മനസിലാകുമെന്ന് പറഞ്ഞ ലിസ്റ്റിൻ സ്റ്റീഫൻ ആ തെറ്റ് വലിയ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും പറഞ്ഞിരുന്നു. ഈ താക്കീത് സോഷ്യൽ മീഡിയയിൽ പല അഭ്യൂഹങ്ങൾക്കും കാരണമായി. 
 
താക്കീതിലൂടെ ലിസ്റ്റിന്‍ ആരെയാണ് ഉദ്ദേശിച്ചത് എന്നത് സംബന്ധിച്ചായി സിനിമാ ഗ്രൂപ്പുകളിൽ ചർച്ചകൾ. മോഹൻലാലിന്റെ പേരാണ് ചില ഗ്രൂപ്പുകളിൽ ആദ്യം ഉയർന്നുവന്നത്. തുടരും സിനിമയുമായി ബന്ധപ്പെട്ട് നടന്ന ആഘോഷവേളയിൽ 'നിർമാതാക്കൾക്ക് ഭാഗ്യമുണ്ടെങ്കിൽ സിനിമ വിജയിക്കും' എന്ന് മോഹൻലാൽ തമാശയ്ക്ക് പറഞ്ഞിരുന്നു. ഇത് നിർമാതാവായ ലിസ്റ്റിനെ ചൊടിപ്പിച്ചുവെന്നായിരുന്നു ഒരു കൂട്ടരുടെ കണ്ടെത്തൽ. എന്നാൽ, ഇത് ആരാധകരുടെ വെറും ഊഹാപോഹം മാത്രമായിരുന്നു. 
 
ലിസ്റ്റിൻ ഉദ്ദേശിച്ച നടന് ആര് എന്നതിന്‍റെ സൂചനകള്‍ ഇപ്പോള്‍ പുറത്തെത്തിയിരിക്കുകയാണ്. താന്‍ നിര്‍മ്മിക്കുന്ന മറ്റൊരു ചിത്രവുമായി ബന്ധപ്പെട്ട് പ്രമുഖ താരത്തിന്‍റെ നടപടിയാണ് ലിസ്റ്റിനെ ചൊടിപ്പിച്ചതെന്നാണ് സൂചന. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ബേബി ഗേള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന നടന്‍ ചിത്രീകരണം പൂര്‍ത്തിയാവും മുന്‍പേ മറ്റൊരു ചിത്രത്തില്‍ ജോയിന്‍ ചെയ്തിരുന്നു. ഇതാണ് പുതിയ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് സൂചന. 
 
നിര്‍മ്മാതാവിന്‍റെ അനുമതി വാങ്ങാതെയായിരുന്നു നടൻ മറ്റൊരു ചിത്രത്തിൽ ജോയിൻ ചെയ്തത്. രണ്ടാമത്തെ ചിത്രത്തിന്‍റെ നിര്‍മ്മാതാവില്‍ നിന്നും ഇദ്ദേഹം അഡ്വാന്‍സ് ഇനത്തില്‍ ഒരു കോടി കൈപ്പറ്റി. അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ നിര്‍മ്മാതാവിന്‍റെ അനുമതി കൂടാതെ മറ്റൊരു ചിത്രത്തില്‍ അഭിനേതാക്കള്‍ ജോയിന്‍ ചെയ്യുന്നത് സാധാരണമല്ല.
 
ബേബി ഗേളുമായി ബന്ധപ്പെട്ടുള്ള പ്രശ്നമാണെന്ന് സൂചന വന്നതോടെ രണ്ട് നടന്മാരുടെ പേരുകളാണ് സംശയ നിഴലിലുള്ളത്. കുഞ്ചാക്കോ ബോബനും നിവിൻ പോളിയും. ലിസ്റ്റിൻ സ്റ്റീഫൻ പറ‍ഞ്ഞ ആ വലിയ തെറ്റുകാരൻ നടൻ നിവിൻ പോളി ആണെന്നാണ് റിപ്പോർട്ട്. 'ബേബി ​ഗേൾ' എന്ന ചിത്രത്തിൽ ആദ്യം നായകനാക്കാൻ തീരുമാനിച്ചിരുന്നത് കുഞ്ചാക്കോ ബോബനെയായിരുന്നു. എന്നാൽ ചില കാരണങ്ങളാൽ അ​ദ്ദേഹം പിന്മാറിയപ്പോഴാണ് നിവിൻ പോളിയെ സിനിമയിലെ നായകനാക്കി തിരഞ്ഞെടുക്കുന്നത്.
 
ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്ന സമയത്തെ പ്രശ്നം എന്ന് പറയുമ്പോൾ അത് കുഞ്ചാക്കോ ബോബൻ ആയിരിക്കില്ലെന്നും നിവിൻ പോളി ആകാനാണ് സാധ്യതയെന്നുമാണ് സൂചന. ഇതിന് ആക്കം കൂട്ടി, ലിസ്റ്റിൻ സ്റ്റീഫനും ബേബി ​ഗേൾ സിനിമയുടെ ഡയറക്ടറായ അരുൺ വർമ്മയും ഇൻസ്റ്റ​ഗ്രാമിൽ താരത്തെ അൺഫോളോ ചെയ്യുകയും ചെയ്തു. സിനിമയിലെ നായികയായ ലിജോ മോളെ ഇപ്പോഴും ലിസ്റ്റിൻ സ്റ്റീഫനും സംവിധായകൻ അരുൺ വർമയും ഇൻസ്റ്റ​ഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട് എന്നുള്ളതും സംശയത്തിന്റെ ആക്കം കൂട്ടുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Jayaram Upcoming Movies: ഒന്നല്ല 2 ഉഗ്രൻ പടങ്ങളുണ്ടെന്ന് ജയറാം പറഞ്ഞത് വെറുതെയല്ല, അണിയറയിൽ ഒരുങ്ങുന്നത് ദിലീഷ് പോത്തൻ സിനിമ?