Mammootty: പദ്മഭൂഷണ്‍ യോഗ്യത മോദി സ്തുതിയോ? മമ്മൂട്ടി വീണ്ടും 'പടിക്ക് പുറത്ത്'
കഴിഞ്ഞ മൂന്ന് തവണ പദ്മ പുരസ്‌കാരങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ അയച്ച പട്ടികയില്‍ മമ്മൂട്ടിയുടെ പേരും ഉണ്ടായിരുന്നു
Shobana, Mammootty, Balayya
Mammootty: പദ്മ പുരസ്‌കാര പ്രഖ്യാപനത്തില്‍ മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയെ വീണ്ടും തഴഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. മൂന്ന് തവണ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ മമ്മൂട്ടിയെ തഴഞ്ഞുകൊണ്ട് ഒരു തവണ പോലും ദേശീയ അവാര്‍ഡ് കരസ്ഥമാക്കാത്ത ബാലയ്യയ്ക്കും (നന്ദമൂരി ബാലകൃഷ്ണ), സിനിമയില്‍ ഇപ്പോള്‍ സജീവമല്ലാത്ത ശോഭനയ്ക്കും കേന്ദ്ര സര്‍ക്കാര്‍ പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ഒരു തവണ പോലും ദേശീയ അവാര്‍ഡ് നേടാത്ത ചിരഞ്ജീവിക്ക് കഴിഞ്ഞതവണ കേന്ദ്ര സര്‍ക്കാര്‍ പദ്മ വിഭൂഷണ്‍ നല്‍കിയിരുന്നു. അന്നും മമ്മൂട്ടിയെ പരിഗണിക്കാതിരുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വിമര്‍ശിക്കപ്പെട്ടിരുന്നു.
കഴിഞ്ഞ മൂന്ന് തവണ പദ്മ പുരസ്‌കാരങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ അയച്ച പട്ടികയില്‍ മമ്മൂട്ടിയുടെ പേരും ഉണ്ടായിരുന്നു. എന്നാല്‍ തുടര്‍ച്ചയായി കേന്ദ്രം മമ്മൂട്ടിയെ അവഗണിക്കുകയാണ്. ഇത്തവണ മമ്മൂട്ടിയുടെ പേര് പട്ടികയില്‍ ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. നടി ശോഭനയുടെ പേര് ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് പദ്മ പുരസ്‌കാരത്തിനായുള്ള പരിഗണന പട്ടികയില്‍ ഉണ്ടായിരുന്നു. എന്നാല്‍ അന്നൊന്നും താരത്തിനു പദ്മഭൂഷണ്‍ നല്‍കാന്‍ കേന്ദ്രം തയ്യാറായില്ല. അതേസമയം കഴിഞ്ഞ ഏതാനും നാളുകളായി ശോഭന ബിജെപിയോട് വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. മോദിയെ സ്തുതിച്ചും ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിനു വോട്ട് അഭ്യര്‍ത്ഥിച്ചും ശോഭന തന്റെ ബിജെപി അനുകൂല നിലപാട് പരസ്യമാക്കിയിരുന്നു. അതിനു പിന്നാലെയാണ് താരത്തിനു പദ്മഭൂഷണ്‍ നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചത്.
നന്ദമൂരി ബാലകൃഷ്ണയും കഴിഞ്ഞ കുറേ കാലമായി നരേന്ദ്ര മോദി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുണ്ട്. ആന്ധ്രയിലെ തെലുങ്ക് ദേശം പാര്‍ട്ടിയുടെ (ടിഡിപി) പിന്തുണയിലാണ് എന്‍ഡിഎ സര്‍ക്കാര്‍ നിലനില്‍ക്കുന്നത്. ടിഡിപിയുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് നന്ദമൂരി ബാലകൃഷ്ണ. ഈ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് നന്ദമൂരി ബാലകൃഷ്ണയ്ക്കു പദ്മഭൂഷണ്‍ നല്‍കി ആദരിക്കാന്‍ മോദി ഭരണകൂടം തയ്യാറായതെന്നാണ് മറ്റൊരു വിമര്‍ശനം.
1998 ലാണ് മമ്മൂട്ടിക്ക് പദ്മശ്രീ പുരസ്‌കാരം ലഭിക്കുന്നത്. പിന്നീട് 27 വര്‍ഷം കഴിഞ്ഞിട്ടും താരത്തിനു പദ്മഭൂഷണ്‍ ലഭിച്ചിട്ടില്ല. മമ്മൂട്ടിയോട് കാണിക്കുന്ന നീതികേടാണ് ഇതെന്നാണ് നിരവധി പേര്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. മലയാളത്തിലെ സൂപ്പര്‍താര നടന്‍മാരില്‍ മോഹന്‍ലാലിനു മാത്രമാണ് പദ്മഭൂഷണ്‍ ലഭിച്ചിട്ടുള്ളത്. 2019 ലാണ് ലാലിന് പദ്മ ഭൂഷണ്‍ ലഭിക്കുന്നത്. 2001 ലാണ് ലാലിന് പദ്മ ശ്രീ ലഭിച്ചത്. അതിനേക്കാള്‍ മൂന്ന് വര്‍ഷം മുന്‍പ് മമ്മൂട്ടിക്ക് ആദ്യത്തെ പദ്മ പുരസ്‌കാരം ലഭിച്ചിരുന്നു. 2019 ല്‍ മോഹന്‍ലാലിന് പദ്മഭൂഷണ്‍ ലഭിച്ചപ്പോള്‍ ആ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ പട്ടികയില്‍ മമ്മൂട്ടിയുടെ പേരും ഉണ്ടായിരുന്നു.