കഴിഞ്ഞ കുറച്ച് വർഷങ്ങളായി വ്യത്യസ്തമായ സിനിമകൾ ചെയ്ത് പ്രേക്ഷകരെ അമ്പരപ്പിക്കുകയാണ് മമ്മൂട്ടി. വ്യത്യസ്തമായ പ്രമേയം തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധ നൽകിയ മമ്മൂട്ടി അടുത്തിടെ ചെയ്ത സിനിമയാണ് നൻപകൽ നേരത്ത് മയക്കം. 2022 ൽ മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ചിത്രമായിരുന്നു ഇത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം തിയേറ്ററിൽ മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്.
ഇപ്പോൾ ഈ സിനിമയെ കുറിച്ച് പറയുകയാണ് മമ്മൂട്ടി. മലയാള സിനിമയ്ക്ക് ഒരു മുതൽകൂട്ടായ സിനിമയാണ് ഇതെന്നും അത്തരമൊരു സിനിമ മലയാളത്തിൽ മാത്രമേ സംഭവിക്കുകയുള്ളൂ എന്നും മമ്മൂട്ടി പറയുന്നു. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് എന്ന ചിത്രത്തിന്റെ പ്രൊമോഷൻ സമയത്തായിരുന്നു നടന്റെ പ്രതികരണം.
അതേസമയം, റിലീസ് ദിനത്തിലെ സമ്മിശ്ര പ്രതികരണങ്ങളെ അതിജീവിച്ച് 'ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സ്' രണ്ടാം ദിനം പിന്നിടുമ്പോള്‍ സിനിമയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍ മൂന്ന് കോടിയിലേക്ക് എത്തി. വേള്‍ഡ് വൈഡ് കളക്ഷന്‍ ഏഴ് കോടിയിലേക്ക് അടുക്കുകയാണ്. മമ്മൂട്ടി കമ്പനിയുടെ സിനിമയെന്ന നിലയില്‍ ഈ വീക്കെന്‍ഡില്‍ മികച്ച കളക്ഷന്‍ നേടാനായാല്‍ ചിത്രം മുടക്കുമുതല്‍ തിരിച്ചുപിടിച്ചേക്കും.