ബോളിവുഡ് നടിയും കാൻസർ സര്‍വൈവറുമായ നഫീസ അലി ഇപ്പോൾ ഗോവയിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്. ഗോവയിലേക്ക് അവധിക്കാലം ചെലവഴിക്കാനായി പോയ നഫീസ അലി ഈ ലോക്‍ഡൌണ്‍ സമയത്ത് വളരെയേറെ ബുദ്ധിമുട്ടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പലചരക്ക് സാധനങ്ങളോ മരുന്നോ ലഭിക്കാത്ത സാഹചര്യത്തെയാണ് അവര്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
"കഴിഞ്ഞ ആറ് ദിവസമായി പലചരക്ക് കടകൾ അടച്ചിരിക്കുകയാണ്. ഞാൻ കാൻസർ അതിജീവിച്ചയാളാണ്. എനിക്ക് ശരിയായ ഭക്ഷണം കഴിക്കണം. കഴിഞ്ഞ കുറച്ചു ദിവസമായി ഞാൻ വരണ്ട റേഷനാണ് കഴിക്കുന്നത്. പച്ചക്കറികളോ പഴങ്ങളോ കിട്ടുന്നില്ല. ഞങ്ങൾ ഏതാണ്ട് ഒറ്റപ്പെട്ടുപോയിരിക്കുന്നു. ഞാൻ മോർജിമിലാണ്, പഞ്ജിമിൽ മാത്രമാണ് സ്ഥിതി അല്‍പ്പം ഭേദം” - ഒരു മാധ്യമത്തോട് നഫീസ അലി പ്രതികരിച്ചു.
"എല്ലാം ഇവിടെ അടച്ചിരിക്കുന്നു. എന്റെ എല്ലാ മരുന്നുകളും തീരുന്നു. കൊറിയർ സേവനങ്ങൾ പ്രവർത്തിക്കുന്നില്ല. അതിനാൽ എനിക്ക് അവ മറ്റെവിടെ നിന്നെങ്കിലും എത്തിക്കാൻ കഴിയുന്നില്ല. ഞാൻ ഇപ്പോള്‍ മരുന്നുകളൊന്നും കഴിക്കുന്നില്ല, ഇങ്ങനെ തുടരുന്നത് എന്റെ ആരോഗ്യം അപകടത്തിലാക്കും. എനിക്കുമുന്നില്‍ വഴികളൊന്നും കാണുന്നില്ല” -നഫീസ അലി പറയുന്നു.
മമ്മൂട്ടിയുടെ ബിഗ്ബി എന്ന സിനിമയിലെ ടീച്ചറമ്മയുടെ വേഷത്തിലൂടെ മലയാളികള്‍ക്കും പ്രിയപ്പെട്ട താരമാണ് നഫീസ അലി.