അത് ഒരു പ്രാദേശിക കലാകാരന്‍റെ ചിന്ത മാത്രമായിരുന്നു. കൊറോണ വൈറസിനെക്കുറിച്ച് ജനങ്ങള്‍ക്ക് ഒരു ‘ഹെല്‍മെറ്റ് ബോധവത്‌കരണം’ നല്‍കുക. അങ്ങനെയാണ് നാടിനെക്കുറിച്ചും നാട്ടുകാരുടെ സുരക്ഷയെക്കുറിച്ചും കരുതലുള്ള ചെന്നൈയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ തലയില്‍ ‘കൊറോണ വൈറസ്’ മോഡലിലുള്ള ഒരു ഹെല്‍മെറ്റ് പ്രത്യക്ഷപ്പെട്ടത്. ആ ഹെല്‍മെറ്റും അണിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥര്‍ റോഡിലിറങ്ങി ജനങ്ങളെ ബോധവത്‌കരിക്കുന്നു. ലോക്‍ഡൌണ്‍ നിയമങ്ങള്‍ ലംഘിച്ച് റോഡിലിറങ്ങുന്നവരുടെ മുന്നില്‍ ‘കൊറോണത്തല’യുമായി പൊലീസ് ഉദ്യോഗസ്ഥരെത്തും. അപ്പോള്‍ തന്നെ ജനങ്ങള്‍ക്ക് കാര്യം മനസിലാകുകയും ചെയ്യും.
ഗൌതം എന്ന കലാകാരനാണ് ഹെൽമെറ്റ് രൂപകൽപ്പന ചെയ്തത്. “പൊതുജനം കോവിഡ് -19 അവസ്ഥയെ ഗൗരവമായി പരിഗണിക്കുന്നില്ല. മറുവശത്ത്, പോലീസ് ഉദ്യോഗസ്ഥരാകട്ടെ, ആളുകള്‍ വീടുകള്‍ക്കുള്ളില്‍ തന്നെയുണ്ടെന്ന് ഉറപ്പുവരുത്താൻ പ്രവർത്തിക്കുന്നു. രോഗം പടര്‍ന്നുപിടിക്കുന്ന സമയത്ത് പുറത്തിറങ്ങിനടക്കരുതെന്ന് ജനങ്ങളെ ബോധവത്‌കരിക്കാന്‍ കഷ്‌ടപ്പെടുന്നു” - ഗൌതം പറയുന്നു.
"ഞാൻ ഈ ആശയം പൊലീസുകാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. പൊട്ടിയ ഹെൽമെറ്റും പേപ്പറും ഉപയോഗിച്ച് ‘കൊറോണ ഹെല്‍മെറ്റ്’ ഉണ്ടാക്കി. കൊറോണയ്ക്കെതിരായ മുദ്രാവാക്യങ്ങൾ പ്രദർശിപ്പിക്കുന്ന നിരവധി പ്ലക്കാർഡുകളും ഞാൻ തയ്യാറാക്കി പോലീസിന് കൈമാറി” - ഗൌതം വ്യക്തമാക്കി.
ജനങ്ങളെ ബോധവാന്മാരാക്കാൻ ഈ കൊറോണ ഹെൽമെറ്റ് ഉപയോഗപ്രദമാണെന്ന് തെളിഞ്ഞതായി റോഡില്‍ 24 മണിക്കൂറും സേവനം ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.
"കൊറോണയില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിന് ഞങ്ങൾ എല്ലാ നടപടികളും സ്വീകരിക്കുന്നു, എന്നിട്ടും ആളുകൾ തെരുവിലിറങ്ങുന്നു. അതിനാൽ, പൊലീസിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ആളുകൾക്ക് ബോധ്യമുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ സ്വീകരിക്കുന്ന നടപടികളിലൊന്നാണ് ഈ കൊറോണ ഹെൽമെറ്റ്. വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാനുള്ള ശ്രമമാണ് ഇത്. ഞാൻ ഇത് ധരിക്കുമ്പോൾ കൊറോണ വൈറസ് എന്ന ചിന്ത യാത്രക്കാരുടെ മനസ്സിൽ കടന്നുവരുന്നു. പ്രത്യേകിച്ചും കുട്ടികൾ ഇത് കണ്ടതിന് ശേഷം ശക്തമായി പ്രതികരിക്കുകയും അവരുടെ ഒപ്പമുള്ള മുതിര്‍ന്നവരെ വീട്ടിലേക്ക് തിരികെ കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്യുന്നു”- പൊലീസ് ഇന്‍സ്‌പെക്‍ടറായ രാജേഷ് ബാബു പറയുന്നു.