ലോക്ക് ഡൌണില്‍ ഇളവുകൾ വന്നതോടെ കോവിഡ് പ്രതിരോധത്തിൽ അലംഭാവം കാണുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് മാർഗരേഖ ലംഘിക്കുന്നവരെ തടയണമെന്നും മുൻകരുതലുകൾ ലംഘിക്കുന്നവരെ നിരുത്സാഹപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കോവിഡ് പ്രതിരോധത്തിൽ നമ്മള്‍ മെച്ചപ്പെട്ട നിലയിലാണ്. കൃത്യസമയത്ത് ലോക്ഡൗൺ ഏര്‍പ്പെടുത്തിയത് മരണനിരക്ക് കുറയാന്‍ കാരണമായി. ഭദ്രമായ നിലയിലാണ് ഇപ്പോള്‍ രാജ്യം - മോദി വ്യക്‍തമാക്കി.
ആരോഗ്യകാര്യത്തിൽ ഓരോ പൗരനും ശ്രദ്ധ പുലർത്തേണ്ടതുണ്ട്. മറ്റ് രോഗങ്ങൾക്കെതിരെയും മുൻകരുതൽ ഉണ്ടായിരിക്കണം. കോവിഡ് മാർഗനിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും പ്രധാനമന്ത്രി മുതൽ പഞ്ചായത്ത് പ്രസിഡന്റ് വരെ ആ നിയമത്തിന് താഴെയാണുള്ളതെന്നും മോദി പറഞ്ഞു.
പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന നവംബർ അവസാനം വരെ നീട്ടി. 90000 കോടി രൂപയാണ് അതിന്‍റെ ചെലവ്. നവംബർ വരെ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുകയാണ്. ആരും പട്ടിണി കിടക്കാൻ ഇടയുണ്ടാവരുത്. 80 കോടി കുടുംബങ്ങൾക്ക് അഞ്ചുകിലോ അരിയോ ഗോതമ്പോ നൽകും. ഒരു രാജ്യം, ഒരു റേഷൻ കാർഡ് പദ്ധതി അതിഥി തൊഴിലാളികൾക്ക് ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി അറിയിച്ചു.