മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കൊവിഡ് പ്രതിരോധത്തിൽ ഇന്ത്യ മെച്ചപ്പെട്ട നിലയിലാണെന്ന് പ്രധാനമന്ത്രി. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ലക്ഷങ്ങളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേ സമയം അൺലോക്ക്ഡൗണിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ കൂടുതൽ ജാഗ്രത വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
80 കോടി ആളുകൾക്ക് ഈ കാലയളവിൽ റേഷൻ നൽകാൻ സർക്കാരിനായി.കൂടുതൽ ആഘോഷങ്ങൾ വരുന്ന കാലമായതിനാൽ സാമൂഹിക അകലം പാലിച്ചുകൊണ്ട് ആഘോഷങ്ങളിൽ പങ്കെടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം സൗജന്യ റേഷൻ സേവനങ്ങൾ നവംബർ വരെ നീട്ടുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. രാജ്യം മുഴുവൻ വൺ റേഷൻ കാർഡ്, വൺ നേഷൻ പദ്ധതി നടപ്പാക്കും. ഇതോടെ രാജ്യത്തെ ഏതുപൗരനും രാജ്യത്തിന്റെ എവിടെനിന്നും റേഷൻ വാങ്ങാനാവും.
പ്രതിസന്ധിഘട്ടങ്ങളിൽ രാജ്യം പിടുച്ചു നിന്നത് നികുതിദായകരുടേയും കർഷകരുടേയും പിന്തുണ കൊണ്ടാണെന്നും ഇതിന് നന്ദി പറയുന്നതായും പ്രധാനമന്ത്രി പറഞ്ഞു.കൊവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുക എന്നത് രാജ്യത്തിന്റെ പ്രധാനമന്ത്രി മുതൽ എല്ലാവരുടെയും ചുമതലയാണെന്നും മോദി പറഞ്ഞു