ഇന്ത്യക്ക് ശക്തമായ ഒരു ടീം കെട്ടിപ്പടുത്ത മികച്ച ക്യാപ്റ്റനായിരുന്നു സൗരവ് ഗാംഗുലി. ക്രിക്കറ്റിലെ ദാദ യുഗം ഗാംഗുലി വിരമിച്ച ശേഷവും വർഷങ്ങളോളം തുടർന്നു. ധോണി രാജിവക്കുന്നതോടെ മാത്രമേ ആ യുഗത്തിന് അവസാനമാകു. ഇപ്പോൾ ബിസിസിഐ പ്രസിഡന്റായി ഇന്ത്യൻ ക്രിക്കറ്റിന്റെ തകപ്പത്ത് തന്നെയുണ്ട് ദാദ
ഗ്രൗണ്ടിൽ ഒരിക്കലും ധൈര്യവും പ്രതീക്ഷയും കൈവിടാത്ത ദാദയെ ഒരിക്കൽ യുവരാജും നെഹ്റയും, രാഹുൽ ദ്രാവിഡും ചേർന്ന് കരയിച്ചു. ഗാംഗുലിയെ ഒന്ന് വട്ട് പിടിപ്പിക്കുകയായിരുന്നു യുവതാരങ്ങളായിരുന്ന നെഹ്റയുടെയും യുവരാജിന്റെയും ഉദ്ദേശം, ഇതിന് ദ്രാവിഡും കൂടെ ചേരുകയായിരുന്നു
ഒരിക്കൽ മാധ്യമങ്ങളെ കണ്ട് ഗാംഗുലി മടങ്ങുവരുമ്പോൾ ' പ്രസ് മീറ്റിൽ സൗരവ് ഇവരെ കുറിച്ച് പറഞ്ഞതൊക്കെ ഇവർക്ക് വലിയ വിഷമമുണ്ടാക്കി, സൗരവിന്റെ ക്യാപ്റ്റൻസിയിൽ ഇനി ഇവർ കളിക്കാൻ തയ്യാറല്ല എന്നാണ് പറയുന്നത്' എന്ന് ദ്രാവിഡ് പറഞ്ഞു. 'അതിന് ഇവരെ കുറിച്ച് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ' എന്നായിരുന്നു ഗാംഗുലിയുടെ മറുപടി.
'ദാദ പറഞ്ഞതൊക്കെ ഞങ്ങൾ അറിഞ്ഞു, ഇനി കൂടുതൽ ഒന്നും പറയേണ്ട ഞങ്ങൾക്ക് താങ്കളുടെ കീഴിൽ കളിക്കാനാവില്ല' നെഹ്റയും യുവരാജും തീർത്തു പറഞ്ഞു. ഇത് കേട്ടതോടെ ഗാംഗുലിയുടെ മുഖം വിളറി വെളുത്തി. 'നിങ്ങൾക്ക് എന്റെ ക്യാപ്‌റ്റസിയിൽ കളിക്കാൻ സാധിക്കില്ലെങ്കിൽ ഞാൻ സ്ഥാനം രാജിവക്കുകയാണ് എന്ന് ഗാംഗുലി പറഞ്ഞു. അത് പറയുമ്പോൾ ഗാംഗുലിയുടെ കണ്ണ് നിറഞ്ഞിരുന്നു.
ഇത് കണ്ടതോടെ കാര്യങ്ങൾ കൈവിട്ടുപോയി എന്ന് മൂവർക്കും മനസിലായി. 'സോറി സൗരവ് താങ്കളെ ഒന്ന് പറ്റിക്കാൻ വേണ്ടി മാത്രമാണ്' എന്ന് ദ്രാവിഡ് പറഞ്ഞു. ഇത് പറഞ്ഞത് മാത്രമേ അവർക്ക് ഓർമയൊള്ളു. പിന്നീട് ദാദയുടെ ബാറ്റാണ് ഗർജ്ജിച്ചത്. മൂന്ന് പേർക്കും ഗാംഗുലി ബാറ്റുകൊണ്ട് കണക്കിന് കൊടുത്തു.