ലോകക്രിക്കറ്റിന് തന്നെ അഭിമാനമായി മാറിയ നിരവധി താരങ്ങളെ സംഭാവന ചെയ്‌ത രാജ്യമാണ് ഇന്ത്യ. നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നതിൽ മുൻപന്തിയിലുള്ള താരങ്ങളും ഇന്ത്യൻ താരങ്ങൾ തന്നെ. ഇത്തരത്തിൽ ഏത് കാലഘട്ടത്തിലും മികച്ച താരങ്ങളെ സമ്മാനിക്കുന്ന ഇന്ത്യക്ക് വേണ്ടി കഴിഞ്ഞ ആറ് മാസത്തിനിടെ അരങ്ങേറ്റം കുറിച്ചത് 10 യുവതാരങ്ങളാണ്.
ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും ഓസീസ് പര്യടനത്തോടെ അരങ്ങേറ്റം ചെയ്യാൻ പറ്റിയ ടി നടരാജൻ. നിലവിലെ ഇന്ത്യൻ ടീമിലെ ഏക ഇടം കയ്യൻ പേസറാണ്. ടി20യിൽ മികച്ച പ്രകടനം കാഴ്‌ച്ചവെച്ച മുഹമ്മദ് സിറാജാണ് അരങ്ങേറ്റം കുറിച്ച മറ്റൊരു ബൗളർ. ഓസീസ് പര്യടനത്തിലാണ് സിറാജും അരങ്ങേറ്റം കുറിച്ചത്.
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലൂടെ ശുഭ്മാന്‍ ഗില്ലും നവദീപ് സൈനിയും വാഷിങ്ടണ്‍ സുന്ദറും അരങ്ങേറ്റം കുറിച്ചിരുന്നു. രവീന്ദ്ര ജഡേജയുടെ അഭാവത്തിൽ മികച്ച പ്രകടനം കാഴ്‌ച്ചവെക്കാനും സുന്ദറിനായി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറിയ അക്ഷര്‍ പട്ടേലാണ് മറ്റൊരു താരം.നാല് മത്സര പരമ്പരയില്‍ നാല് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്താനും അക്ഷറിനായി.
അതേസമയം ഇംഗ്ലൻടിനെതിരായ ടി20 പരമ്പരയിലൂടെ ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും വരവറിയിച്ചു. ഇരുവരും അരങ്ങേറ്റ മത്സരത്തില്‍ തന്നെ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിനപരമ്പരയിലൂടെ ക്രുണാല്‍ പാണ്ഡ്യയും പ്രസിദ്ധ് കൃഷ്ണയും അരങ്ങേറ്റം നടത്തിക്കഴിഞ്ഞു. സൂര്യകുമാറും ദേവ്‌ദത്ത് പടിക്കലും ഉടൻ തന്നെ ഏകദിന ടീമിൽ അരങ്ങേറ്റം കുറിക്കാനും സാധ്യത ഏറെയാണ്.