Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധോണിയുടെ കടന്നു കയറ്റം ഞെട്ടിച്ചു, പക്ഷേ അതോടെ അവർ ഒരു പാഠം പഠിച്ചു!

webdunia

ചിപ്പി പീലിപ്പോസ്

വ്യാഴം, 7 നവം‌ബര്‍ 2019 (15:43 IST)
ഐ പി എല്ലിൽ നോ-ബോളുകൾ നിരീക്ഷിക്കുന്നതിനായി പ്രത്യേക ടീവി അമ്പയർ പരിഷ്കാരം നിലവിൽ വരുന്നതായി സൂചന വന്നതോടെ കഴിഞ്ഞ തവണത്തേത് പോലെ ഇത്തവണ ചീത്തവിളി കേൾക്കേണ്ടതില്ലല്ലോ എന്നോർത്ത് അമ്പയർമാർക്ക് ആശ്വസിക്കാം.
 
കഴിഞ്ഞ ദിവസം ചെയർമാൻ ബ്രിജേഷ്​പട്ടേലിന്റെ അധ്യക്ഷതയിൽ ചേർന്ന ഐ​പി​എൽ ഗവേണിങ്​ കൗൺസിലിലാണ്​ഇതിനെ പറ്റിയുള്ള ചർച്ചകൾ ഉയർന്നത്. സാങ്കേതിക സംവിധാനങ്ങൾ കൂടുതൽ ഉപയോഗിച്ചുകൊണ്ട് കഴിവതും തെറ്റുകൾ കുറക്കുക എന്ന് ലക്ഷ്യമിട്ടാണ് പുതിയ നീക്കം.
 
അടുത്ത സീസൺ മുതൽ നോബോൾ പരിശോധിക്കാൻ മാത്രമായി ഒരു ടി വി അം‌മ്പയറെ നിയമിക്കാൻ തീരുമാനമായിരിക്കുകയാണ്. ഐ​പി​എൽ പോലെ ആവേശകരമായ മത്സരങ്ങളിൽ മോശം അമ്പയറിങിനെ കുറിച്ച് നിരവധി പരാതികളാണ് ഉയർന്നിരുന്നത്. ഈ സാഹചര്യത്തിലാണ് നോ-ബോൾ അമ്പയർ എന്നത് ചർച്ചയായിരിക്കുന്നത്.
 
ഐ​പി​എല്ലിൽ നോ-ബോൾ തീരുമാനങ്ങളെ ചൊല്ലി മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയും വിരാട് കോലിയും കഴിഞ്ഞ വർഷം പരാതി ഉന്നയിച്ചിരുന്നു. വിമർശനം ഉന്നയിക്കുന്നതിന് മുന്നേ മത്സരത്തിനിടെ ധോണിയുടെ കുപ്രസിദ്ധമായ ഒരു പ്രവൃത്തിയും ഗ്രൌണ്ടിൽ അരങ്ങേറിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ഒരിക്കലും മറക്കാനിടയിലാത്ത ഒരു സംഭവം.
 
രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിങ്സും തമ്മിൽ നടന്ന മത്സരത്തിനിടെയാണ് ധോണിയെ ചൊടിപ്പിച്ച സംഭവം അരങ്ങേറിയത്. കൂൾ ക്യാപ്റ്റൻ കലിപ്പനായ നിമിഷമായിരുന്നു അത്. മത്സരത്തിനിടെ ഡഗ് ഔട്ടിൽനിന്ന് ധോണി മൈതാനത്തിറങ്ങിയ സംഭവം അമ്പരപ്പോടെയാണ് സഹകളിക്കാരും എതിർ ടീമിലുള്ളവരും വീക്ഷിച്ചത്. 
 
അവസാന ഓവറിൽ ചെന്നൈയ്ക്ക് വിജയത്തിലേക്ക് 18 റൺസ് വേണമെന്നിരിക്കേ, ബെൻ സ്റ്റോക്സ് എറിഞ്ഞ നാലാം പന്ത് അംപയർ ഉല്ലാസ് ഗാന്ധെ നോബോൾ വിളിച്ചു. ക്രീസിലുണ്ടായിരുന്ന മിച്ചൽ സാന്റ്നറിന്റെ അരയ്ക്കു മുകളിലാണ് പന്തെത്തിയത് എന്ന ധാരണയിലായിരുന്നു ഇത്. എന്നാൽ, സ്ക്വയർ ലെഗ്ഗിലുണ്ടായിരുന്ന സഹ അംപയർ ബ്രൂസ് ഓക്സെൻഫോർഡ് അപ്പോള്‍ത്തന്നെ ഗാന്ധെയെ തിരുത്തി. അതു നോബോളല്ലെന്നായിരുന്നു ഓക്സെൻഫോർഡിന്റെ നിലപാട്. ഇതിനു പിന്നാലെയാണ് ധോണി മൈതാനത്തിറങ്ങിയത്. മാത്രമല്ല, അംപയർ ഉല്ലാസ് ഗാന്ധെയുമായി ധോണി നോബോളിനെച്ചൊല്ലി തർക്കിക്കുകയും ചെയ്തു. ധോണിയുടെ ആ കലിപ്പൻ മുഖം നേരിട്ടനുഭവിക്കുക എന്ന ഒരു വിധി കൂടി അമ്പയർക്ക് ഉണ്ടായിരുന്നിരിക്കാം എന്നായിരുന്നു തല ആരാധകർ ഇതിനെ കുറിച്ച് പറഞ്ഞത്. 
 
വിരാട് കോഹ്ലിയും മോശമായ അമ്പയറിങ്ങിനെതിരെ രംഗത്ത് വന്നിരുന്നു. അമ്പയറോട് കോഹ്ലിയും ഇതേച്ചൊല്ലി കയർത്തു സംസാരിച്ചിരുന്നു. ഐ പി എൽ പോലുള്ള വലിയ മത്സരങ്ങളിലെ നോ-ബോൾ സംവിധാനം പരിഹാസകരമായ നിലവാരത്തിൽ ആണെന്നാണ് ഇതിനെ പറ്റി ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോലി പ്രതികരിച്ചത്. ഏതായാലും ഈ അനുഭവങ്ങളിൽ നിന്നെല്ലാം പാഠമുൾക്കൊണ്ട് ഐപിഎൽ ഭരണസമിതി മികച്ച തീരുമാനമാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. 

Share this Story:

Follow Webdunia Hindi

അടുത്ത ലേഖനം

പൂത്തുലഞ്ഞ് രാഹുലിന്റെ പ്രണയം, റൊമാന്റിക് മൂഡിൽ താരം!