പാക്കിസ്ഥാനിലേക്ക് വന്നാല്‍ കോലി ഇന്ത്യയെ മറക്കും: ഷാഹിദ് അഫ്രീദി
കോലി ടി20 യില്‍ തുടരണമെന്നും അഫ്രീദി ആവശ്യപ്പെട്ടു
ചാംപ്യന്‍സ് ട്രോഫി കളിക്കാന്‍ പാക്കിസ്ഥാനിലേക്ക് ഇല്ലെന്ന തീരുമാനത്തില്‍ ബിസിസിഐ പുനര്‍വിചിന്തനം നടത്തണമെന്ന് പാക് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം ദൃഢമാക്കുന്നതിനൊപ്പം പാക്കിസ്ഥാനിലുള്ളവര്‍ക്ക് വിരാട് കോലിയുടെ കളി കാണാനുള്ള അവസരം കൂടിയാകും അതെന്ന് അഫ്രീദി പറഞ്ഞു. ടീം ഇന്ത്യയെ പാക്കിസ്ഥാനിലേക്ക് താന്‍ സ്വാഗതം ചെയ്യുകയാണെന്നും അഫ്രീദി പറഞ്ഞു.
' ഞാന്‍ ടീം ഇന്ത്യയെ സ്വാഗതം ചെയ്യുന്നു. ഇന്ത്യയിലേക്ക് വന്നപ്പോഴെല്ലാം ഞങ്ങള്‍ക്ക് ഒരുപാട് സ്‌നേഹവും ബഹുമാനവും ലഭിച്ചിട്ടുണ്ട്. 2005-06 കാലഘട്ടത്തില്‍ ഇന്ത്യ പാക്കിസ്ഥാനിലേക്ക് വന്നപ്പോഴും ഇന്ത്യന്‍ താരങ്ങള്‍ അത് ആസ്വദിച്ചിട്ടുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം രാജ്യങ്ങളില്‍ പോയി ക്രിക്കറ്റ് കളിക്കുന്നതിനേക്കാള്‍ മികച്ച സമാധാനം വേറെയില്ല. വിരാട് കോലി പാകിസ്ഥാനില്‍ വന്നാല്‍, ഇന്ത്യയുടെ സ്നേഹവും ആതിഥ്യമര്യാദയും അദ്ദേഹം മറക്കും,' അഫ്രീദി പറഞ്ഞു.
കോലി ടി20 യില്‍ തുടരണമെന്നും അഫ്രീദി ആവശ്യപ്പെട്ടു. ട്വന്റി 20 യില്‍ നിന്ന് കോലി ഇപ്പോള്‍ വിരമിക്കരുതായിരുന്നു. അദ്ദേഹം ഉള്ളപ്പോള്‍ ട്വന്റി 20 ഫോര്‍മാറ്റ് വളരെ മനോഹരമായിരുന്നു. ട്വന്റി 20 കളിക്കാനുള്ള ഫിറ്റ്‌നെസും ഫോമും ഇപ്പോഴും അദ്ദേഹത്തിനുണ്ട്. അതിനേക്കാള്‍ ഉപരി യുവതാരങ്ങള്‍ക്ക് കോലിയില്‍ നിന്ന് ഒരുപാട് മനസിലാക്കാനും പഠിക്കാനും സാധിക്കുമായിരുന്നെന്നും അഫ്രീദി പറഞ്ഞു.