2025ല്‍ ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പായി 2 വിരമിക്കലുകളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സംഭവിച്ചത്. സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും അപ്രതീക്ഷിതമായ വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ നിരാശരായിരിക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍. കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി ടെസ്റ്റില്‍ മോശം പ്രകടനമാണ് ഇന്ത്യ നടത്തുന്നത്. ഈ സാഹചര്യത്തില്‍ സീനിയര്‍ താരങ്ങളില്ലാതെ ഇന്ത്യന്‍ യുവതാരങ്ങള്‍ ഇംഗ്ലണ്ട് പര്യടനത്തിന് ഒരുങ്ങുന്നു എന്നത് വെല്ലുവിളിയാണ്. രോഹിത്തും കോലിയും വിരമിച്ചതോടെ അഭിമന്യു ഈശ്വരന്‍ മുതല്‍ കരുണ്‍ നായര്‍ വരെ ഒട്ടനേകം താരങ്ങളാണ് അവസരത്തിനായി കാത്തുനില്‍ക്കുന്നത്.
ഓപ്പണിങ്ങില്‍ രോഹിത്തിന് പകരക്കാരനായി അഭിമന്യു ഈശ്വരന്‍, സായ് സുദര്‍ശന്‍ എന്നീ താരങ്ങളുടെ പേരുകള്‍ ഓപ്പണര്‍മാരായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. എന്നാല്‍ രോഹിത് ഒഴിഞ്ഞ സാഹചര്യത്തില്‍ മത്സരപരിചയമുള്ള കെ എല്‍ രാഹുല്‍ ഓപ്പണിംഗ് സ്ഥാനം ഏറ്റെടുക്കാനും സാധ്യതയുണ്ട്. മധ്യനിരയില്‍ കോലിയുടെ അഭാവത്തില്‍ ശ്രേയസ് അയ്യര്‍, കരുണ്‍ നായര്‍ എന്നീ താരങ്ങളെയാകും ബിസിസിഐ പരിഗണിക്കുക. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് കരുണിന് തുണയായത്. അതേസമയം സമീപകാലത്തായി മികച്ച പ്രകടനങ്ങളാണ് എല്ലാ ഫോര്‍മാറ്റിലും ശ്രേയസ് നടത്തുന്നത്. റിഷഭ് പന്ത് ഒന്നാം വിക്കറ്റ് കീപ്പര്‍ ആകുന്നതോടെ റിസര്‍വ് കീപ്പറായി ധ്രുവ് ജുറേലിനെയാകും ഇന്ത്യ പരിഗണിക്കുക. സര്‍ഫറാസ് ഖാന്‍ പരിക്ക് മാറി തിരിച്ചെത്തിയെങ്കിലും ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ താരത്തിന് അവസരം ലഭിച്ചേക്കില്ല. ഇന്ത്യ എ ടീമില്‍ കളിക്കുന്ന ബാബ ഇന്ദ്രജിത്തും ഗംഭീറിന്റെ നിരീക്ഷണത്തിലാണ്.