Virat Kohli: ടെസ്റ്റ് കുപ്പായം അഴിച്ച് കോലിയും; ഹൃദയം തകര്‍ന്ന് ഇന്ത്യന്‍ ആരാധകര്‍
ടെസ്റ്റ് കരിയര്‍ തന്നെ പരീക്ഷിക്കുകയും രൂപപ്പെടുത്തുകയും ഒട്ടേറെ കാര്യങ്ങള്‍ പഠിപ്പിക്കുകയും ചെയ്‌തെന്ന് കോലി പറഞ്ഞു
Virat Kohli: വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 14 വര്‍ഷം നീണ്ട ടെസ്റ്റ് കരിയറിനു അവസാനം കുറിക്കുകയാണെന്ന് കോലി സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് അഞ്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് കോലിയുടെ പടിയിറക്കം.
ടെസ്റ്റ് കരിയര്‍ തന്നെ പരീക്ഷിക്കുകയും രൂപപ്പെടുത്തുകയും ഒട്ടേറെ കാര്യങ്ങള്‍ പഠിപ്പിക്കുകയും ചെയ്‌തെന്ന് കോലി പറഞ്ഞു. ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും എന്നാല്‍ ഇതാണ് ഉചിതമായ സമയമെന്നും കോലി വിരമിക്കല്‍ പ്രഖ്യാപനത്തില്‍ കുറിച്ചു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീം സെലക്ഷന്‍ നടക്കുന്നതിനിടെയാണ് കോലിയുടെ അപ്രതീക്ഷിത വിരമിക്കല്‍. കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കാന്‍ സന്നദ്ധത അറിയിച്ചെങ്കിലും ഇംഗ്ലണ്ട് പര്യടനത്തില്‍ കൂടി തുടരാന്‍ ബിസിസിഐ ആവശ്യപ്പെട്ടിരുന്നു.
ടെസ്റ്റ് ക്രിക്കറ്റില്‍ 123 മത്സരങ്ങള്‍ ഇന്ത്യക്കായി കളിച്ച താരമാണ് കോലി. 210 ഇന്നിങ്‌സുകളില്‍ നിന്ന് 46.85 ശരാശരിയില്‍ 9,230 റണ്‍സ് അടിച്ചുകൂട്ടി. 30 സെഞ്ചുറികളും ഏഴ് ഇരട്ട സെഞ്ചുറികളും നേടിയ കോലി റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച നായകനായിരുന്നു. കോലിയുടെ കീഴില്‍ ഇന്ത്യ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തുകയും ഐസിസി വേള്‍ഡ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കുകയും ചെയ്തിട്ടുണ്ട്.