റാഞ്ചിയില്‍ ഇന്ത്യക്കെതിരെ നടന്ന ഏകദിന മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും അവസാനനിമിഷം വരെ ശക്തമായ പോരാട്ടം കാഴ്ചവെച്ച ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രശംസിച്ച് നായകന്‍ ഏയ്ഡന്‍ മാര്‍ക്രം. ഇന്ത്യ ഉയര്‍ത്തിയ 350 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്കയ്ക്ക് 11 റണ്‍സെടുക്കുന്നതിനിടെ 3 വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഇതിന് ശേഷം മധ്യനിരയിലെ ശക്തമായ പോരാട്ടമാണ് ദക്ധിണാഫ്രിക്കയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്.
മധ്യനിരയില്‍ 72 പന്തില്‍ 62 റണ്‍സുമായി മാത്യു ബ്രീറ്റ്‌സ്‌കെയും 55 പന്തില്‍ 53 റണ്‍സുമായി ഡെവാള്‍ഡ് ബ്രെവിസുമാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. വലിയ ഒരു തകര്‍ച്ചയില്‍ നിന്നും ടീമിനെ കരകയറ്റി ഇരുവരും മടങ്ങിയെങ്കിലും ഓള്‍റൗണ്ടര്‍മാരായ മാര്‍ക്കോ ജാന്‍സനും കോര്‍ബിന്‍ ബോഷും പിന്നീട് പോരാട്ടം ഏറ്റെടുത്തു. 65 പന്തില്‍ 82 റണ്‍സുമായി മാര്‍ക്കോ യാന്‍സനും 49 പന്തില്‍ 67 റണ്‍സുമായി കോര്‍ബിന്‍ ബോഷും ദക്ഷിണാഫ്രിക്കയ്ക്ക് വിജയപ്രതീക്ഷ നല്‍കിയതിന് ശേഷമാണ് മടങ്ങിയത്. നിര്‍ണായക ഘട്ടത്തില്‍ യാന്‍സനെ പുറത്താക്കിയ കുല്‍ദീപ് യാദവാണ് മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്.
വിജയത്തിനരികെ വരെ പൊരുതിയുള്ള തോല്‍വിയില്‍ ടീമിനെ പറ്റിയോര്‍ത്ത് അഭിമാനമുണ്ടെന്നാണ് മത്സരശേഷം ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനായ ഏയ്ഡന്‍ മാര്‍ക്രം പ്രതികരിച്ചത്. ടൊ ഓര്‍ഡര്‍ മൊത്തത്തില്‍ തകര്‍ന്നുവെങ്കിലും ടീം ഒരു നിമിഷത്തിലും പ്രതീക്ഷ കൈവിട്ടില്ല. മധ്യനിര അത്ഭുതപ്പെടുന്ന ക്യാരക്ടറാണ് പ്രകടിപ്പിച്ചത്. ചില നിമിഷങ്ങള്‍ അവിടെ നഷ്ടമായി. എന്നാല്‍ ടീം നടത്തിയ പോരാട്ടം പ്രശംസനീയമാണ്. അടിയന്തിരഘട്ടങ്ങളില്‍ അവസാനം വരെ നീണ്ട് നില്‍ക്കുന്ന ബാറ്റിംഗ് കരുത്താണ് ദക്ഷിണാഫ്രിക്കയുടെ ശക്തി. മാര്‍ക്രം പറഞ്ഞു.