ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ്ണ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ പരിശീലകനായ ഗൗതം ഗംഭീര്‍ നടത്തിയ പത്രസമ്മേളനത്തിനെതിരെ വിമര്‍ശനവുമായി ആരാധകര്‍. ചരിത്രത്തിലാദ്യമായി 2 തവണ ടെസ്റ്റില്‍ സ്വന്തം നാട്ടില്‍ വൈറ്റ് വാഷ് ചെയ്യപ്പെട്ടിട്ടും ടീമിന്റെ പരാജയത്തെ ട്രാന്‍സിഷന്‍ ഘട്ടമെന്ന പേരില്‍ ന്യായീകരിക്കുന്നതിനെയും ഗംഭീര്‍ ബാറ്റിംഗ് ഓര്‍ഡറില്‍ വരുത്തുന്ന മാറ്റങ്ങളെയുമാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്.
തന്റെ ഭാവി നിശ്ചയിക്കേണ്ടത് ബിസിസിഐയാണ്. പക്ഷേ ഇംഗ്ലണ്ടില്‍ മികച്ച റിസള്‍ട്ട് നേടിയതും ചാമ്യന്‍സ് ട്രോഫി, ഏഷ്യാകപ്പ് എന്നിവ നേടിതന്നതും താന്‍ പരിശീലകനായിരിക്കെയാണെന്ന് ഗംഭീര്‍ വ്യക്തമാക്കി. ഗംഭീറിന്റെ ഈ പരാമര്‍ശം വലിയ രീതിയിലാണ് സമൂഹമാധ്യമങ്ങള്‍ ചര്‍ച്ചയാക്കുന്നത്. തന്റെ കരിയര്‍ അവസാനിച്ച ശേഷം വിജയത്തിന്റെ ക്രെഡിറ്റ് താരങ്ങള്‍ സ്വന്തമാക്കുന്നതിനെതിരെയും ഇന്ത്യന്‍ ക്രിക്കറ്റിലെ സ്റ്റാര്‍ കള്‍ച്ചറിനെതിരെയും വലിയ വിമര്‍ശനങ്ങള്‍ ഉന്നയിച്ച വ്യക്തിയാണ് ഗംഭീര്‍.
2011ലെ ലോകകപ്പ് നേടി തന്നത് ഒരൊറ്റ സിക്‌സറല്ല, ടീമിന്റെ മൊത്തമായുള്ള പ്രകടനമാണെന്ന് ഗംഭീര്‍ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ സ്റ്റാര്‍ കള്‍ച്ചര്‍ അവസാനിപ്പിക്കണമെന്നും ഗംഭീര്‍ പല കുറി പറഞ്ഞിരുന്നു. അതേ ഗംഭീര്‍ തന്നെ കിരീടങ്ങള്‍ സ്വന്തമാക്കിയതില്‍ ക്രെഡിറ്റ് അവകാശപ്പെടുന്നത് ഇരട്ടത്താപ്പാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. സ്റ്റാര്‍ കള്‍ച്ചറിനെതിരെ സംസാരിച്ചിട്ടുള്ള ഗംഭീര്‍ ശുഭ്മാന്‍ ഗില്ലിനായി മറ്റ് താരങ്ങളെ ബലി കഴിപ്പിക്കുമ്പോള്‍ അതിന് മറുത്തൊന്നും പറയുന്നില്ലെന്നും വിമര്‍ശകര്‍ പറയുന്നു.