2021 വരെ അര്‍ജന്റീന ആരാധകര്‍ ഏറ്റവുമധികം പരിഹസിക്കപ്പെട്ടത് നിന്റെയൊക്കെ ജീവിതകാലത്ത് നീ കപ്പെടുക്കുന്നത് കണ്ടിട്ടുണ്ടോ എന്ന ചോദ്യം കൊണ്ടായിരിക്കും. 1993ല്‍ കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയതിന് ശേഷം ഇന്നോളം ഒരു കിരീടം നിങ്ങളുടെ ടീം നേടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മെസ്സിയും കൂട്ടരും ആദ്യമായി മറുപടി നല്‍കിയത് 2021ലെ കോപ്പ അമേരിക്കയിലായിരുന്നു. അന്ന് ചിരവൈരികളായ ബ്രസീലിനെതിരെ ഒരു ഗോളിനായിരുന്നു അര്‍ജന്റീനയുടെ വിജയം.
2021ലെ കോപ്പ അമേരിക്ക കിരീടനേട്ടം മുതല്‍ 2024ലെ അര്‍ജന്റീനയുടെ കോപ്പ അമേരിക്ക കിരീടനേട്ടം വരെയുള്ള കാലഘട്ടം പരിഗണിക്കുമ്പോള്‍ കഴിഞ്ഞ 3 വര്‍ഷങ്ങള്‍ക്കുള്ളില്‍ അര്‍ജന്റീന സ്വന്തമാക്കിയത് 4 കിരീടനേട്ടങ്ങളാണ്. കപ്പുണ്ടോ കയ്യില്‍ എന്ന് ചോദിച്ചവര്‍ക്ക് മുന്നില്‍ കപ്പിന്റെ കട തുറക്കാന്‍ പാകത്തിലുള്ള മുന്നേറ്റം അര്‍ജന്റീന സ്വന്തമാക്കിയതാകട്ടെ ലയണല്‍ സ്‌കലോണി എന്ന പരിശീലകന്‍ ടീം പരിശീലക സ്ഥാനം ഏറ്റെടുത്തതോടെയും.
2018 ഓഗസ്റ്റില്‍ അര്‍ജന്റീനയുടെ ഏറ്റവും മോശം സമയത്ത് ടീം പരിശീലകനായി മാറിയ സ്‌കലോണി ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ അര്‍ജന്റീനന്‍ ടീമിനെ ഉടച്ചുവാര്‍ത്തു. പ്രതിഭകള്‍ക്ക് ഒരുകാലത്തും പഞ്ഞമില്ലാതിരുന്ന അര്‍ജന്റീനന്‍ ടീമിലേക്ക് യുവതാരങ്ങളെ എത്തിക്കാനും ഒരു ടീമിനെ രൂപപ്പെടുത്താനും സ്‌കലോണിക്ക് സാധിച്ചു. ലയണല്‍ മെസ്സി എല്ലാ ജോലിഭാരവും ഏറ്റെടുക്കുക എന്ന രീതി വിട്ട് മെസ്സിക്ക് ചുറ്റും കളിക്കുക എന്നാല്‍ മെസ്സിയെ സ്വതന്ത്രമായി കളിക്കാന്‍ അനുവദിക്കുക എന്ന രീതിയിലേക്ക് മാറിയതോടെ അര്‍ജന്റീന ഫുട്‌ബോള്‍ തന്നെ മാറപ്പെട്ടു.
2021ലെ കോപ്പ അമേരിക്ക കിരീടം, ഫൈനലീസിമ കിരീടം, 2022ലെ ഖത്തര്‍ ലോകകപ്പ് കിരീടം ഇപ്പോള്‍ 2024ലെ കോപ്പ അമേരിക്ക കിരീടവും അര്‍ജന്റീന സ്വന്തമാക്കുമ്പോള്‍ ഒരിക്കല്‍ പരിഹസിച്ചവരുടെ പരിഹാസങ്ങളും കളിചിരികളും എല്ലാം നിലച്ചിരിക്കുകയാണ്.