ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഫില്‍ സാല്‍ട്ടിനെയും ബെന്‍ ഡെക്കറ്റിനെയും പുറത്താക്കികൊണ്ട് ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ബൗളറെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ പേസര്‍ അര്‍ഷദീപ് സിംഗ്. 96 വിക്കറ്റുകള്‍ നേടിയിരുന്ന യുസ്വേന്ദ്ര ചാഹലിന്റെ റെക്കോര്‍ഡാണ് അര്‍ഷദീപ് തകര്‍ത്തത്.
മത്സരത്തിലെ മൂന്നാമത്തെ പന്തിലാണ് ഇംഗ്ലണ്ട് ഓപ്പണര്‍ ഫില്‍ സാല്‍ട്ടിനെ താരം പുറത്താക്കിയത്. തൊട്ടടുത്ത ഓവറില്‍ തന്നെ ബെന്‍ ഡെക്കറ്റിനെയും പവലിയനിലേക്കയച്ചതോടെ റെക്കോര്‍ഡ് നേട്ടം താരം സ്വന്തം പേരിലാക്കി. 2022ല്‍ മാത്രം ഇന്ത്യന്‍ ടി20 ടീമില്‍ ഇടം നേടിയ അര്‍ഷദീപ് സിംഗ് വെറും 61 മത്സരങ്ങളില്‍ നിന്നുമാണ് ഈ നേട്ടത്തിലേക്കെത്തിയത്. 80 മത്സരങ്ങളില്‍ നിന്നായിരുന്നു ചഹലിന്റെ നേട്ടം. 87 മത്സരങ്ങളില്‍ നിന്നും 90 വിക്കറ്റുകളുമായി ഭുവനേശ്വര്‍ കുമാറും 70 മത്സരങ്ങളില്‍ നിന്നും 89 വിക്കറ്റുകളുമായി ജസ്പ്രീത് ബുമ്രയുമാണ് ലിസ്റ്റില്‍ പുറകെയുള്ള താരങ്ങള്‍.