ഏഷ്യ കപ്പ് കിരീടവും കൊണ്ട് ഹോട്ടല്‍ മുറിയിലേക്ക് പോയി പാക് മന്ത്രി; വിചിത്ര നടപടി, ഇന്ത്യ പരാതി നല്‍കും
മത്സരം കഴിഞ്ഞ് ഏതാണ്ട് ഒന്നര മണിക്കൂര്‍ പിന്നിട്ടാണ് മാച്ച് പ്രസന്റേഷന്‍ പരിപാടി ആരംഭിച്ചത്
ഏഷ്യ കപ്പ് ഫൈനലില്‍ ഇന്ത്യ ജയിച്ചെങ്കിലും ജേതാക്കള്‍ക്കുള്ള കിരീടം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മൊഹ്‌സിന്‍ നഖ്വി ഹോട്ടല്‍ മുറിയിലേക്ക് കൊണ്ടുപോയത് വിവാദമാകുന്നു. പാക്കിസ്ഥാന്റെ ആഭ്യന്തര മന്ത്രി കൂടിയായ നഖ്വിയില്‍ നിന്ന് കിരീടം സ്വീകരിക്കില്ലെന്ന് ഇന്ത്യ നിലപാടെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് കിരീടവും കൊണ്ട് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷന്‍ ഹോട്ടല്‍ മുറിയിലേക്ക് പോയത്.
മത്സരം കഴിഞ്ഞ് ഏതാണ്ട് ഒന്നര മണിക്കൂര്‍ പിന്നിട്ടാണ് മാച്ച് പ്രസന്റേഷന്‍ പരിപാടി ആരംഭിച്ചത്. നഖ്വിയില്‍ നിന്ന് കിരീടം സ്വീകരിക്കില്ലെന്ന് ഇന്ത്യ നിലപാടെടുത്തതോടെയാണ് മാച്ച് പ്രസന്റേഷന്‍ ആരംഭിക്കാന്‍ വൈകിയത്. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായ ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചാണ് പാക് മന്ത്രിയില്‍ നിന്ന് കിരീടം വാങ്ങില്ലെന്ന് ഇന്ത്യ നിലപാടെടുത്തത്.
തിലക് വര്‍മ, കുല്‍ദീപ് യാദവ്, അഭിഷേക് ശര്‍മ തുടങ്ങിയവര്‍ സ്‌പോണസര്‍മാരുടെ കൈയില്‍ നിന്ന് വ്യക്തിഗത ട്രോഫികള്‍ ഏറ്റുവാങ്ങി. അതിനുശേഷമാണ് വിജയിച്ച ടീമിനുള്ള മെഡലുകളും കിരീടവും നല്‍കേണ്ടിയിരുന്നത്. നഖ്വിയാണ് മെഡലും കിരീടവും നല്‍കുന്നതെന്ന് മനസിലായ ഇന്ത്യന്‍ താരങ്ങള്‍ വേദിയിലേക്ക് എത്തിയില്ല. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് അമിനുല്‍ ഇസ്ലാമില്‍ നിന്ന് റണ്ണേഴ്സ് അപ്പ് കിരീടം പാക്കിസ്ഥാന്‍ ഏറ്റുവാങ്ങി. എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഖാലിദ് അല്‍ സറൂണി, ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ അമിനുള്‍ ഇസ്ലാം എന്നിവര്‍ ചേര്‍ന്ന് ഇന്ത്യക്ക് കിരീടം നല്‍കാമെന്ന ധാരണയിലേക്ക് എത്തിയെങ്കിലും മൊഹ്സിന്‍ നഖ്വി അതിനു സമ്മതിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മാച്ച് പ്രസന്റേഷനു പിന്നാലെ നഖ്വിയുടെ നിര്‍ദേശപ്രകാരം ഏഷ്യ കപ്പ് ജേതാക്കള്‍ക്കുള്ള കിരീടം ഹോട്ടല്‍ മുറിയിലേക്കു കൊണ്ടുപോയി. ഇത് ഇന്ത്യയെ പ്രകോപിപ്പിച്ചു. കിരീടം നല്‍കാത്ത ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷന്റെ നടപടിയില്‍ പരാതി നല്‍കാനാണ് ഇന്ത്യയുടെ തീരുമാനം. മെഡലുകളും കിരീടവും ഇന്ത്യക്ക് തിരിച്ചുനല്‍കണമെന്ന് ബിസിസിഐ സെക്രട്ടറി ആവശ്യപ്പെട്ടു. എസിസി ചെയര്‍മാന്റെ വിചിത്രമായ നടപടിക്കെതിരെ നവംബറില്‍ ദുബായില്‍ വെച്ച് നടക്കാനിരിക്കുന്ന ഐസിസി യോഗത്തില്‍ പരാതിപ്പെടാനാണ് ബിസിസിഐ തീരുമാനം.