India vs Pakistan: ആവേശം വാനോളം, ഏഷ്യ കപ്പ് ഇന്ത്യക്ക്; പാക്കിസ്ഥാന്‍ വീണ്ടും തോറ്റു
ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 19.1 ഓവറില്‍ 146 നു ഓള്‍ഔട്ട് ആയി
India vs Pakistan: ഏഷ്യ കപ്പില്‍ പാക്കിസ്ഥാനെ മൂന്നാമതും തോല്‍പ്പിച്ച് ഇന്ത്യക്ക് കിരീടം. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഏകപക്ഷീയമായി ജയിച്ച ഇന്ത്യ ഫൈനലില്‍ അല്‍പ്പം പതറിയെങ്കിലും പാക്കിസ്ഥാനെ കെട്ടുകെട്ടിക്കാന്‍ മറന്നില്ല. അഞ്ച് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം.
ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 19.1 ഓവറില്‍ 146 നു ഓള്‍ഔട്ട് ആയി. മറുപടി ബാറ്റിങ്ങില്‍ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം കണ്ടു. 20-3 എന്ന നിലയില്‍ തകര്‍ച്ചയുടെ വക്കിലെത്തിയ ഇന്ത്യയെ തിലക് വര്‍മയുടെ അര്‍ധ സെഞ്ചുറിയും സഞ്ജു സാംസണ്‍, ശിവം ദുബെ എന്നിവരുടെ ചെറുത്തുനില്‍പ്പുമാണ് കരകയറ്റിയത്.
അഭിഷേക് ശര്‍മ (ആറ് പന്തില്‍ അഞ്ച്), ശുഭ്മാന്‍ ഗില്‍ (10 പന്തില്‍ 12), സൂര്യകുമാര്‍ യാദവ് (അഞ്ച് പന്തില്‍ ഒന്ന്) എന്നിവര്‍ പൂര്‍ണമായി നിരാശപ്പെടുത്തി. തിലക് വര്‍മ 53 പന്തുകള്‍ നേരിട്ട് മൂന്ന് ഫോറും നാല് സിക്‌സും സഹിതം 69 റണ്‍സുമായി പുറത്താകാതെ നിന്ന് കളിയിലെ താരവുമായി. ശിവം ദുബെ (22 പന്തില്‍ പുറത്താകാതെ 33), സഞ്ജു സാംസണ്‍ (21 പന്തില്‍ 24) എന്നിവരുടെ ഇന്നിങ്‌സുകളും ഇന്ത്യയുടെ ജയത്തില്‍ നിര്‍ണായകമായി.
വിക്കറ്റ് നഷ്ടമില്ലാതെ 84 റണ്‍സെടുത്ത ശേഷമാണ് പാക്കിസ്ഥാന്റെ കൂട്ടത്തകര്‍ച്ച. ശേഷിക്കുന്ന 62 റണ്‍സിനിടെ എല്ലാ വിക്കറ്റുകളും വീഴുകയായിരുന്നു. ഓപ്പണര്‍മാരായ സാഹിബ്‌സദ ഫര്‍ഹാന്‍ (38 പന്തില്‍ 57), ഫഖര്‍ സമാന്‍ (35 പന്തില്‍ 46) എന്നിവര്‍ ഒഴികെ ബാക്കിയെല്ലാവരും വന്ന വേഗത്തില്‍ തന്നെ കൂടാരം കയറി. ഇന്ത്യക്കായി കുല്‍ദീപ് യാദവ് നാല് ഓവറില്‍ 30 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തി. ജസ്പ്രിത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്കു രണ്ട് വീതം വിക്കറ്റുകള്‍.