Steve Smith: അവര്‍ക്ക് മുന്‍തൂക്കമുണ്ടെന്നത് ശരി തന്നെ, പക്ഷേ 2023 ഓര്‍മയില്ലേ; ഓസീസ് നായകന്‍
ഇന്ത്യക്ക് നേരിയ മുന്‍തൂക്കമുണ്ടെങ്കിലും 2023 ഏകദിന ലോകകപ്പ് ഓര്‍മയില്ലേ എന്നാണ് ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് ചോദിക്കുന്നത്
Steve Smith: ചാംപ്യന്‍സ് ട്രോഫിയിലെ ഒന്നാം സെമിയില്‍ കരുത്തരുടെ പോരാട്ടത്തിനു കളമൊരുങ്ങിയിരിക്കുകയാണ്. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 2.30 ന് ഇന്ത്യ-ഓസ്‌ട്രേലിയ സെമി ഫൈനല്‍ മത്സരം ആരംഭിക്കും. 2023 ലെ ഏകദിന ലോകകപ്പ് ഫൈനല്‍, ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ എന്നിവയില്‍ ഇന്ത്യയെ തോല്‍പ്പിച്ചതിന്റെ വീറും വാശിയുമായാണ് ഓസീസ് ഇന്ന് കളത്തിലിറങ്ങുക. ഇന്ത്യയാകട്ടെ 'ഓസീസ് പേടി'യില്‍ നിന്ന് എങ്ങനെയെങ്കിലും കരകയറാന്‍ സാധിക്കുമോയെന്നാണ് ചിന്തിക്കുന്നത്.
ഇന്ത്യക്ക് നേരിയ മുന്‍തൂക്കമുണ്ടെങ്കിലും 2023 ഏകദിന ലോകകപ്പ് ഓര്‍മയില്ലേ എന്നാണ് ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് ചോദിക്കുന്നത്. ' ഗ്രൗണ്ടിന്റെ കാര്യം പരിഗണിച്ചാല്‍ ഇന്ത്യക്ക് ചിലപ്പോള്‍ നേരിയ മുന്‍തൂക്കം ഉണ്ടായിരിക്കാം, എനിക്കറിയില്ല. കാരണം ഇന്ത്യ അവരുടെ എല്ലാ മത്സരങ്ങളും കളിച്ചത് ഈ ഗ്രൗണ്ടില്‍ ആണ്. ഈ പിച്ചിന്റെ സ്വഭാവം അവര്‍ക്ക് അറിയാം. ഗ്രൗണ്ടിന്റെ ചുമതലക്കാരോടു സംസാരിച്ചതില്‍ നിന്ന് ഇത് വളരെ വരണ്ട പിച്ചാണെന്നും ഒട്ടേറെ വിള്ളലുകള്‍ ഉണ്ടെന്നും ഞങ്ങള്‍ക്ക് മനസ്സിലായി. മാത്രമല്ല ഇന്ത്യ ഇതുവരെ വളരെ നന്നായി കളിച്ചാണ് എത്തിയത്. അതുകൊണ്ട് ഇത് മികച്ചൊരു മത്സരമായിരിക്കും,' സ്മിത്ത് പറഞ്ഞു.
' സ്പിന്നര്‍മാര്‍ക്കു അനുകൂലമായിരിക്കും പിച്ച്. 2023 ലെ ഏകദിന ലോകകപ്പ് ഫൈനല്‍ നടന്ന അഹമ്മദബാദിലെ പിച്ചും ഏറെക്കുറെ ഇങ്ങനെ ആയിരുന്നു. എന്നിട്ടും മികച്ച ടീമായ ഇന്ത്യയെ ഓസ്‌ട്രേലിയ പ്രതിരോധിച്ചത് ഓര്‍മയില്ലേ?,' സ്മിത്ത് ചോദിച്ചു.