ചാമ്പ്യന്‍സ് ട്രോഫി പോരാട്ടം അടുത്തിരിക്കെ ഓസ്‌ട്രേലിയയെ കഷ്ടപ്പെടുത്തി പരിക്കും ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയ്‌നിസിന്റെ അപ്രതീക്ഷിത വിരമിക്കലും. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പരിക്കേറ്റ ജോഷ് ഹെയ്‌സല്‍വുഡും പാറ്റ് കമ്മിന്‍സും ചാമ്പ്യന്‍സ് ട്രോഫിയിലുണ്ടാവില്ല എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പരിക്ക് മൂലം മിച്ചല്‍ മാര്‍ഷും പുറത്തായതോടെ ഓസ്‌ട്രേലിയ പ്രതിസന്ധിയിലായതായിരുന്നു. ഇപ്പോഴിതാ ഈ പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിച്ചിരിക്കുകയാണ് മാര്‍ക്കസ് സ്റ്റോയ്‌നിസിന്റെ അപ്രതീക്ഷിത വിരമിക്കല്‍ തീരുമാനം.
ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ മാര്‍ക്കസ് സ്റ്റോയ്‌നിസിന്റെ പേരുമുണ്ടായിരുന്നു. എന്നാല്‍ ടൂര്‍ണമെന്റ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഏകദിനത്തില്‍ നിന്നും താരം വിരമിക്കല്‍ തീരുമാനം അറിയിച്ചത്. പ്രധാനപ്പെട്ട നാല് താരങ്ങള്‍ ഇല്ലാതെയാകും ഇതോടെ ഓസീസ് ചാമ്പ്യന്‍സ് ട്രോഫിയ്‌ക്കെത്തുക. കമ്മിന്‍സിന്റെ അഭാവത്തില്‍ സ്റ്റീവ് സ്മിത്തോ, ട്രാവിസ് ഹെഡോ ആയിരിക്കും ടീമിനെ നയിക്കുക. ഫെബ്രുവരി 12 വരെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ മാറ്റം വരുത്താം എന്നതിനാല്‍ തന്നെ താരങ്ങള്‍ക്ക് പകരക്കാരെ കണ്ടെത്തേണ്ട തിരക്കിലാണ് ഓസീസ്.