ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നാലാം ഇന്നിങ്‌സ് ബാറ്റിംഗിനിറങ്ങുന്ന ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ 282 റണ്‍സ് വിജയലക്ഷ്യം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഒസ്‌ട്രേലിയയുടെ ഇന്നിങ്ങ്‌സ് 212 റണ്‍സില്‍ അവസാനിച്ചിരുന്നു. ദക്ഷിണാഫ്രിക്ക 138 റണ്‍സിന് പുറത്തായതോടെ 74 റണ്‍സിന്റെ നിര്‍ണായകമായ ലീഡ് സ്വന്തമാക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചിരുന്നു.രണ്ടാം ഇന്നിങ്ങ്‌സില്‍ ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ ഒരു ഘട്ടത്തില്‍ 73 റണ്‍സിന് 7 എന്ന നിലയിലെത്തിയതിന് ശേഷമാണ് 207 എന്ന മികച്ച ടോട്ടലിലെത്തിയത്.
73 റണ്‍സിന് 7 വിക്കറ്റെന്ന നിലയില്‍ പതറിയ ഓസ്‌ട്രേലിയയെ 43 റണ്‍സെടുത്ത അലക്‌സ് ക്യാരിയാണ് കരകയറ്റിയത്. ടീം സ്‌കോര്‍ 134 ല്‍ നില്‍ക്കെ അലക്‌സ് ക്യാരിയേയും പിന്നാലെ നഥാന്‍ ലിയോണിനെയും നഷ്ടമായ ഓസീസ് 148 റണ്‍സിന് 9 എന്ന നിലയിലായി. എന്നാല്‍ അവസാന വിക്കറ്റില്‍ ഒത്തുചേര്‍ന്ന സ്റ്റാര്‍ക്ക്- ഹേസല്‍വുഡ് സഖ്യം വലിയ പ്രതിരോധമാണ് ദക്ഷിണാഫ്രിക്കന്‍ ബൗളിംഗിന് മുന്നില്‍ തീര്‍ത്തത്.
136 പന്തുകള്‍ നേരിട്ട മിച്ചല്‍ സ്റ്റാര്‍ക്ക് 5 ബൗണ്ടറികളുടെ സഹായത്തില്‍ 58 റണ്‍സുമായി തിളങ്ങി. 53 പന്തില്‍ 17 റണ്‍സുമായി മികച്ച പിന്തുണയാണ് ജോഷ് ഹേസല്‍വുഡ് സ്റ്റാര്‍ക്കിന് നല്‍കിയത്. ദക്ഷിണാഫ്രിക്കയ്ക്കായി കഗിസോ റബാഡ 4 വിക്കറ്റും ലുങ്കി എങ്കിടി 3 വിക്കറ്റും സ്വന്തമാക്കി. മാര്‍ക്കോ യാന്‍സന്‍, വിയാന്‍ മുള്‍ഡര്‍ , എയ്ഡന്‍ മാര്‍ക്രം എന്നിവര്‍ ഓരോ വിക്കറ്റും നേടി.