ഇംഗ്ലണ്ട് ലയൺസിനെതിരായ പരിശീലന മത്സരങ്ങളിൽ അനാവശ്യ ഷോട്ടുകളിലൂടെ തകർത്തടിക്കാൻ ശ്രമിച്ച് പുറത്താകുന്നത് തുടർക്കഥയാക്കിയ യശ്വസി ജയ്സ്വാളിനെ നേരിട്ട് ഉപദേശിച്ച് പരിശീലകൻ ഗൗതം ഗംഭീർ. വെള്ളിയാഴ്ച ഇന്ത്യ എ ടീമും സീനിയർ ടീമും തമ്മിലുള്ള പരിശീലന മത്സരം നടക്കാനിരിക്കെയാണ് ഗംഭീർ ജയ്സ്വാളുമൊത്ത് ഏറെ നേരം ചെലവഴിച്ചത്. പരിശീലനത്തിനിടെ 2 തവണ ഇത്തരത്തിൽ ജയ്സ്വാളും ഗംഭീറും സംസാരിച്ചു.
ചർച്ചകൾക്ക് ശേഷം ഗ്രൗണ്ടിൽ വ്യത്യസ്തമായ ഷോട്ടുകൾ പരീക്ഷിക്കുകയാണ് ജയ്സ്വാൾ ചെയ്തതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.കൂടുതൽ മത്സരപരിചയം ലഭിക്കുന്നതിനായി ഇന്ത്യ എ ടീമിനൊപ്പം ജയ്സ്വാളിനെ ബിസിസിഐ നേരത്തെ ഇംഗ്ലണ്ടിലേക്ക് അയച്ചിരുന്നു. ഇംഗ്ലണ്ട് ലയൻസിനെതിരെ 24,64,17,5 എന്നിങ്ങനെയായിരുന്നു ജയ്സ്വാളിൻ്റെ സ്കോറുകൾ. ഇംഗ്ലണ്ടിനെതിരെ ടോപ് ഓർഡറിൽ ടീമിൻ്റെ ഏറ്റവും വലിയ പ്രതീക്ഷയാണ് ജയ്സ്വാൾ. ഇതോടെയാണ് ജയ്സ്വാളിനെ ഉപദേശിക്കാൻ ഗംഭീർ തന്നെ ഇറങ്ങിയത്.
അതേസമയം സീനിയർ ടീമിൽ ബാക്കപ്പ് ഓപ്പണറായ അഭിമന്യു ഈശ്വരൻ ഇംഗ്ലണ്ട് ലയൻസിനെതിരെ 2 അർധസെഞ്ചുറികൾ സ്വന്തമാക്കിയിരുന്നു. കെ എൽ രാഹുൽ ഒരു സെഞ്ചുറിയും അർധസെഞ്ചുറിയും നേടി. 2023ൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ജയ്സ്വാൾ 19 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും ഇതിനകം 1798 റൺസ് അടിച്ചെടുത്തിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെ 9 ഇന്നിങ്ങ്സുകളിൽ നിന്ന് 2 സെഞ്ചുറികളും 3 അർധസെഞ്ചുറികളും അടക്കം 712 റൺസാണ് നേടിയത്. എന്നാൽ ഇതെല്ലാം തന്നെ ഇന്ത്യയിൽ കളിച്ച മത്സരങ്ങലായിരുന്നു.