ഇന്ത്യന്‍ ക്രിക്കറ്റിലെ മുന്‍ നിര ബാറ്റാര്‍മാരെ സ്‌പോണ്‍സര്‍ ചെയ്യുന്നതില്‍ എപ്പോഴും ശ്രദ്ധിക്കുന്ന കമ്പനിയാണ് എംആര്‍എഫ്. 90കളില്‍ കളി കാണാന്‍ തുടങ്ങിയ തലമുറയ്ക്ക് സച്ചിനും കോലിയുമെല്ലാം കളിച്ച എംആര്‍എഫ് ബാറ്റ് ഒരു വികാരം കൂടിയാണ്. അവസാനമായി ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകനായ ശുഭ്മന്‍ ഗില്ലാണ് എംആര്‍എഫിന്റെ സ്‌പോണ്‍സര്‍ഷിപ്പ് നേടിയിട്ടുള്ളത്. എംആര്‍എഫ് ബാറ്റ് ഉപയോഗിച്ചാകും കരിയറില്‍ ഇനി ഗില്‍ കളിക്കുക.
സച്ചിനും കോലിയുമെല്ലാം ഉണ്ടാക്കിവെച്ച വലിയ ഉത്തരവാദിത്തം കൂടി ഇതോടെ ഗില്ലിന്റെ തലയിലാവുകയാണ്. അന്താരാഷ്ട്ര തലത്തില്‍ ബ്രയാന്‍ ലാറയും എ ബി ഡിവില്ലിയേഴ്‌സുമെല്ലാം എംആര്‍എഫ് ബാറ്റ് ഉപയോഗിച്ച് കളിച്ചവരാണ്. എന്നാല്‍ സ്‌പോണ്‍സര്‍ഷിപ്പ് ലഭിച്ചപ്പോള്‍ ഇവരൊന്നും തന്നെ ചെയ്യാത്ത ഒരു കാര്യമാണ് ശുഭ്മാന്‍ ഗില്‍ ചെയ്തിരിക്കുന്നത്. അതാണ് ഇപ്പോള്‍ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. എംആര്‍എഫ് ലോഗോയ്ക്ക് കീഴില്‍ എഴുതിയിട്ടുള്ള പ്രിന്‍സ് എന്ന വാക്കിനെ പറ്റിയാണ് നിലവില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ അടുത്ത രാജകുമാരനായാണ് ആരാധകര്‍ ഗില്ലിനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ക്രിക്കറ്റിന്റെ ദൈവമായിരുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറോ കിംഗ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിരാട് കോലിയോ ഒന്നും തന്നെ തങ്ങളുടെ ലോഗോയ്ക്ക് കീഴില്‍ ഇങ്ങനെ വിശേഷണങ്ങള്‍ ചേര്‍ക്കാന്‍ തയ്യാറായിട്ടില്ല. ഗില്‍ ചെയ്തത് അല്പത്തരമാണെന്നും ടെസ്റ്റ് ഫോര്‍മാറ്റില്‍ താരം ഇനിയും മികവ് തെളിയിച്ചിട്ടില്ലെന്നും ആരാധകര്‍ ഓര്‍മിപ്പിക്കുന്നു.
ടെസ്റ്റില്‍ വിദേശത്ത് ഒരു സെഞ്ചുറി പോലും നേടാന്‍ കഴിയാത്ത് ഗില്‍ ഇത്തരം വിശേഷണങ്ങള്‍ക്ക് അര്‍ഹനല്ലെന്നും ഒരു കൂട്ടം ആരാധകര്‍ പറയുന്നു. അതേസമയം രോഹിത് ശര്‍മ ടെസ്റ്റ് നായകസ്ഥാനം ഉപേക്ഷിച്ചതോടെ സെലക്ടര്‍മാര്‍ ഗില്ലിനെയാണ് ടെസ്റ്റ് ടീം നായകനായി തെരെഞ്ഞെടുത്തിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയാണ് ഗില്ലിന് മുന്നിലുള്ള ആദ്യ വെല്ലുവിളി.