Australia vs West Indies 2nd Test: ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാന്‍ വിന്‍ഡീസ്; അതിവേഗം വീഴ്ത്തണം എട്ട് വിക്കറ്റുകള്‍ !
മൂന്ന് ദിവസങ്ങള്‍ കൂടി ശേഷിക്കെ ആര് വാഴും, ആര് വീഴും എന്നറിയാന്‍ ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്
Australia vs West Indies 2nd Test: ഓസ്‌ട്രേലിയ - വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഒന്നാം ഇന്നിങ്‌സില്‍ 33 റണ്‍സിന്റെ ലീഡ് നേടിയ ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സില്‍ ആറ് ഓവറില്‍ 12-2 എന്ന നിലയിലാണ്. ഓസ്‌ട്രേലിയയുടെ ആകെ ലീഡ് 45 ആയി.
മൂന്ന് ദിവസങ്ങള്‍ കൂടി ശേഷിക്കെ ആര് വാഴും, ആര് വീഴും എന്നറിയാന്‍ ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. രണ്ടാം ഇന്നിങ്‌സില്‍ ഓപ്പണര്‍മാരായ സാം കൊണ്‍സ്റ്റാസ് (നാല് പന്തില്‍ പൂജ്യം), ഉസ്മാന്‍ ഖവാജ (11 പന്തില്‍ രണ്ട്) എന്നിവരെ ഓസ്‌ട്രേലിയയ്ക്കു നഷ്ടമായി. കാമറൂണ്‍ ഗ്രീന്‍ (15 പന്തില്‍ ആറ്), നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ നഥാന്‍ ലിന്‍ (ഏഴ് പന്തില്‍ രണ്ട്) എന്നിവരാണ് ക്രീസില്‍. ഓസ്‌ട്രേലിയയെ 250 റണ്‍സിനുള്ളില്‍ ഒതുക്കുകയാണ് വിന്‍ഡീസ് ലക്ഷ്യമിടുന്നത്.
ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 286 നു ഓള്‍ഔട്ട് ആകുകയായിരുന്നു. അലക്‌സ് കാരി (81 പന്തില്‍ 63), ബ്യു വെബ്സ്റ്റര്‍ (115 പന്തില്‍ 60) എന്നിവരാണ് ഓസ്‌ട്രേലിയയുടെ സ്‌കോര്‍ 200 കടത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. വിന്‍ഡീസിനായി അല്‍സാരി ജോസഫ് നാല് വിക്കറ്റുകള്‍ വീഴ്ത്തി.
വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഇന്നിങ്‌സില്‍ 253 നു ഓള്‍ഔട്ട് ആയി. ബ്രണ്ടന്‍ കിങ് (108 പന്തില്‍ 75) അര്‍ധ സെഞ്ചുറി നേടി. ജോണ്‍ കാംബെല്‍ 52 പന്തില്‍ 40 റണ്‍സെടുത്തു. നഥാന്‍ ലിന്‍ മൂന്നും ജോഷ് ഹെയ്‌സല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.