Pakistan Women: വീണ്ടും നാണംകെട്ട് പാക്കിസ്ഥാന്‍; ഓസ്‌ട്രേലിയയോടു 107 റണ്‍സ് തോല്‍വി
ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടി
Pakistan Women: വനിത ലോകകപ്പില്‍ പാക്കിസ്ഥാനു വീണ്ടും തോല്‍വി. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ വുമണ്‍സിനോടു 107 റണ്‍സിനു തോല്‍വി വഴങ്ങി. ലോകകപ്പില്‍ പാക്കിസ്ഥാന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണ് ഇത്. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് പാക്കിസ്ഥാന്‍.
ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ 36.3 ഓവറില്‍ പാക്കിസ്ഥാന്‍ 114 നു ഓള്‍ഔട്ട് ആയി. ഓസ്‌ട്രേലിയയ്ക്കായി കിം ഗാര്‍ത്ത് ആറ് ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി. മേഗാന്‍ ഷട്ട്, അന്നബെല്‍ സതര്‍ലാന്‍ഡ് എന്നിവര്‍ക്കു രണ്ട് വീതം വിക്കറ്റുകള്‍.
ബെത്ത് മൂണിയുടെ സെഞ്ചുറി മികവിലാണ് ഓസ്‌ട്രേലിയ 200 കടന്നത്. മൂണി 114 പന്തില്‍ 11 ഫോറുകള്‍ സഹിതം 109 റണ്‍സ് നേടി. പത്താമതായി ക്രീസിലെത്തിയ അലാന കിങ് (49 പന്തില്‍ 51) അര്‍ധ സെഞ്ചുറി നേടി.
പാക്കിസ്ഥാനായി ബാറ്റിങ്ങില്‍ പൊരുതി നോക്കിയത് സിദ്ര അമിന്‍ (52 പന്തില്‍ 35) മാത്രം.