India W vs Pakistan W, ODI World Cup 2025: ഏഷ്യ കപ്പിനു പകരംവീട്ടുമോ പാക്കിസ്ഥാന്‍? 'നോ ഹാന്‍ഡ് ഷെയ്ക്ക്' തുടരാന്‍ ഇന്ത്യ
കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നിനു മത്സരം ആരംഭിക്കും
India Women vs Pakistan Women: ഏഷ്യ കപ്പ് ഫൈനലിലെ തോല്‍വിക്കു പകരം വീട്ടാന്‍ പാക്കിസ്ഥാന്‍ വനിത ടീമും ജയം തുടരാന്‍ ഇന്ത്യ വനിത ടീമും ഏറ്റുമുട്ടുന്നു. വനിത ഏകദിന ലോകകപ്പില്‍ ഒക്ടോബര്‍ അഞ്ചിനാണ് (ഞായര്‍) ഇന്ത്യ വനിതകളും പാക്കിസ്ഥാന്‍ വനിതകളും ഏറ്റുമുട്ടുക.
കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നിനു മത്സരം ആരംഭിക്കും. ഏഷ്യ കപ്പിലെ പോലെ പാക്കിസ്ഥാന്‍ താരങ്ങള്‍ക്കു കൈ കൊടുക്കുന്നതില്‍ നിന്ന് ഇന്ത്യ വനിത താരങ്ങള്‍ വിട്ടുനില്‍ക്കും. ബിസിസിഐയുടെ നിര്‍ദേശത്തെ തുടര്‍ന്നാണിത്. ക്യാപ്റ്റന്‍മാര്‍ തമ്മില്‍ കൈ കൊടുക്കില്ല.
വനിത ലോകകപ്പിലും പാക്കിസ്ഥാനെതിരായ വികാരം പ്രകടിപ്പിക്കാനാണ് ബിസിസിഐയുടെ തീരുമാനം. പാക്കിസ്ഥാനുമായുള്ള ബന്ധം ഇപ്പോഴും മോശം അവസ്ഥയില്‍ തന്നെയാണെന്ന് പരോക്ഷമായി പറയുകയാണ് ബിസിസിഐ സെക്രട്ടറി ദേവ്ജിത്ത് സൈക്കിയ. ബിബിസിയുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ' എനിക്ക് പ്രവചിക്കാനൊന്നും അറിയില്ല. എന്നാല്‍ ആ ശത്രു രാജ്യവുമായി (പാക്കിസ്ഥാന്‍) ഞങ്ങള്‍ക്കുള്ള ബന്ധം അതേപടി തുടരുന്നു. കഴിഞ്ഞ ഒരാഴ്ച കൊണ്ട് പ്രത്യേകിച്ച് മാറ്റമൊന്നും അതില്‍ ഉണ്ടായിട്ടില്ല,' സൈക്കിയ പറഞ്ഞു.
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ ഇന്ത്യ തോല്‍പ്പിച്ചു. പാക്കിസ്ഥാന്‍ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് വനിത ടീമിനോടു തോല്‍വി വഴങ്ങി.