വനിതാ ഏകദിന ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യയോടേറ്റ തോല്‍വി തന്നെ മാനസികമായി തകര്‍ത്തെന്ന് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ അലിസ്സ ഹീലി. തോല്‍വിയുടെ ആഘാതത്തില്‍ നിന്നും പുറത്തുവരാന്‍ സമയമെടുത്തെന്നും ഫൈനല്‍ മത്സരം താന്‍ കണ്ടില്ലെന്നും ഹീലി പറഞ്ഞു.
സെമിഫൈനല്‍ മത്സരത്തില്‍ ഇന്ത്യക്കെതിരെ 338 റണ്‍സ് അടിച്ചെടുത്തെങ്കിലും ഹര്‍മന്‍ പ്രീത് കൗര്‍, ജെമീമ റോഡ്രിഗസ് എന്നിവരുടെ പ്രകടനങ്ങളുടെ മികവില്‍ ഇന്ത്യ വിജയം പിടിച്ചു വാങ്ങുകയായിരുന്നു. പുറത്താവാതെ ജെമീമ നേടിയ സെഞ്ചുറിയായിരുന്നു ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.
ടൂര്‍ണമെന്റില്‍ ടീം കാഴ്ചവെച്ച പ്രകടനത്തില്‍ അഭിമാനമുണ്ടെന്നും എന്നാല്‍ തോല്‍വിയില്‍ നിന്നും പുറത്തുകടക്കാനാകുന്നില്ലെന്നും ഹീലി പറഞ്ഞു. ഞാന്‍ നുണപറയുകയല്ല. ടൂര്‍ണമെന്റില്‍ മികച്ച ക്രിക്കറ്റാണ് ഞങ്ങള്‍ കാഴ്ചവെച്ചത്. സെമിയില്‍ ഇന്ത്യയെ മറികടക്കാനായില്ല എന്നതില്‍ നിരാശയുണ്ട്. മത്സരത്തില്‍ ജെമീമയുടെ വിലപ്പെട്ട ക്യാച്ചുകള്‍ വിട്ടുകളഞ്ഞത് തിരിച്ചടിയായി. നിരാശയുണ്ട്. പക്ഷേ ഈ ടീമിന് വരുന്ന ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം നടത്താനാകും. ഹീലി പറഞ്ഞു.