Babar Azam: 'ചേസ് ചെയ്യുന്നത് 320 ആണ്, അല്ലാതെ 120 അല്ല'; പാക്കിസ്ഥാനെ തോല്‍പ്പിച്ചത് ബാബര്‍ തന്നെ, 52 ഡോട്ട് ബോള്‍ !
52 ഡോട്ട് ബോളുകളാണ് ബാബറിന്റെ ഇന്നിങ്‌സില്‍ ഉള്ളത്. പാക്കിസ്ഥാന്‍ തോറ്റതാകട്ടെ 60 റണ്‍സിനും !
Babar Azam: ചാംപ്യന്‍സ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ആതിഥേയരായ പാക്കിസ്ഥാന്‍ തോല്‍ക്കാന്‍ പ്രധാന കാരണം ബാബര്‍ അസം. ബാറ്റിങ്ങിനു അനുകൂലമായ പിച്ചില്‍ ബാബറിന്റെ 'മെല്ലെപ്പോക്ക്' പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കി. 321 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാക്കിസ്ഥാന്‍ 47.2 ഓവറില്‍ 260 നു ഓള്‍ഔട്ട് ആകുകയായിരുന്നു.
ഓപ്പണറായി ക്രീസിലെത്തിയ ബാബര്‍ 90 പന്തുകളില്‍ നിന്ന് ആറ് ഫോറും ഒരു സിക്‌സും സഹിതം 64 റണ്‍സ് നേടിയാണ് പുറത്തായത്. സ്‌ട്രൈക് റേറ്റ് വെറും 71.11 മാത്രം. 320 എന്ന വലിയ സ്‌കോര്‍ ചേസ് ചെയ്യുമ്പോഴാണ് ബാബറിന്റെ ഈ 'മെല്ലെപ്പോക്ക്'. സിംഗിള്‍ എടുത്ത് സ്‌ട്രൈക് റൊട്ടേറ്റ് ചെയ്തു കളിക്കാന്‍ പോലും ബാബറിനു സാധിച്ചിരുന്നില്ല. ആദ്യ പത്ത് ഓവര്‍ പിന്നിടുമ്പോള്‍ (പവര്‍പ്ലേ) രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 22 റണ്‍സ് മാത്രമായിരുന്നു പാക്കിസ്ഥാന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. പവര്‍പ്ലേ കഴിയുമ്പോള്‍ ബാബറിന്റെ സ്‌കോര്‍ 27 പന്തില്‍ 12 റണ്‍സ് മാത്രമായിരുന്നു. 14 പന്തില്‍ മൂന്ന് റണ്‍സുമായി നായകന്‍ മുഹമ്മദ് റിസ്വാന്‍ കൂടി 'ഇഴഞ്ഞപ്പോള്‍' പാക്കിസ്ഥാന്‍ പ്രതിരോധത്തിലായി.
52 ഡോട്ട് ബോളുകളാണ് ബാബറിന്റെ ഇന്നിങ്‌സില്‍ ഉള്ളത്. പാക്കിസ്ഥാന്‍ തോറ്റതാകട്ടെ 60 റണ്‍സിനും ! 2017 മുതല്‍ 80 ല്‍ കുറഞ്ഞ സ്‌ട്രൈക് റേറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികള്‍ നേടിയിരിക്കുന്ന താരങ്ങളില്‍ മൂന്നാമനാണ് ബാബര്‍. 13 തവണയാണ് ബാബര്‍ 80 ല്‍ കുറഞ്ഞ സ്‌ട്രൈക് റേറ്റില്‍ അര്‍ധശതകം നേടിയിരിക്കുന്നത്. ബാബറിന്റെ 'മെല്ലെപ്പോക്ക്' മറ്റു പാക്കിസ്ഥാന്‍ ബാറ്റര്‍മാരെ കൂടി പ്രതിരോധത്തിലാക്കി. ബാബറിന്റെ ഇന്നിങ്‌സ് കാരണമാണ് റെക്വയേര്‍ഡ് റണ്‍റേറ്റ് ഉയര്‍ന്നതും ആക്രമിച്ചു കളിക്കാന്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ നിര്‍ബന്ധിതരായതും. ഇതേ തുടര്‍ന്ന് മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന സല്‍മാന്‍ അഗയുടെ (28 പന്തില്‍ 42) വിക്കറ്റ് അടക്കം പാക്കിസ്ഥാനു നഷ്ടമായി.