ഇന്‍സ്റ്റഗ്രാം ബയോയില്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ എന്ന വാക്കുമാറ്റി പേസര്‍ ഭുവനേശ്വര്‍ കുമാര്‍. ഇന്‍സ്റ്റഗ്രാം ബയോയിലെ ഇന്ത്യന്‍ ക്രിക്കറ്റര്‍ എന്ന ഭാഗമാണ് ഭുവി മാറ്റിയത്. ഇതോടെ കുറച്ച് കാലമായി ടീമിന് പുറത്തുള്ള താരം ഉടന്‍ തന്നെ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലാണ് 33കാരനായ ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ കുപ്പായത്തില്‍ അവസാനമായി കളിച്ചത്. ഇതിന് പിന്നാലെയായി നടന്ന ശ്രീലങ്കക്കെതിരായ പരമ്പരയില്‍ നിന്നും താരത്തെ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 14 മത്സരങ്ങള്‍ കളിച്ച ഭുവിയെ ഓസീസിനെതിരായ ഏകദിന പരമ്പരയിലേക്കും ടീം പരിഗണിച്ചിരുന്നില്ല.
തുടരെ അലട്ടുന്ന പരിക്കുകളല്ല മോശം ഫോമാണ് ഭുവനേശ്വറിനെ തഴയുന്നതില്‍ കാരണമായത്. ഇക്കഴിഞ്ഞ ഐപിഎല്‍ സീസണിന് ശേഷം ആഭ്യന്തര ക്രിക്കറ്റിലും ഭുവി കളിച്ചിട്ടില്ല. ഇതിനൊപ്പം ഇന്‍സ്റ്റഗ്രാം ബയോയിലെ മാറ്റവും കൂടി ചൂണ്ടികാട്ടിയാണ് താരം ക്രിക്കറ്റ് ഉപേക്ഷിച്ചതായി ആരാധകര്‍ സംശയം പ്രകടിപ്പിക്കുന്നത്. കഴിഞ്ഞ ടി20 ലോകകപ്പില്‍ നിരാശപ്പെടുത്തിയെങ്കിലും 2022ല്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളര്‍ ഭുവനേശ്വറായിരുന്നു. 10 വര്‍ഷം നീണ്ട ടി20 കരിയറില്‍ 87 മത്സരങ്ങളില്‍ നിന്നും 90 വിക്കറ്റുകള്‍ താരം വീഴ്ത്തിയിട്ടുണ്ട്. ടി20യില്‍ ഇന്ത്യയ്ക്കായി 2 തവണ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഒരേയൊരു ബൗളര്‍ കൂടിയാണ് ഭുവി.
ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി 21 മത്സരങ്ങള്‍ കളിച്ച താരം 63 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. 121 ഏകദിനമത്സരങ്ങളില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച ഭുവിക്ക് 141 വിക്കറ്റുകളാണ് ഏകദിനത്തിലുള്ളത്.