ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകര്‍ ഏറ്റവും കാത്തിരുന്ന ക്രിക്കറ്റ് പരമ്പരയാണ് ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി. ന്യൂസിലന്‍ഡിനെതിരായ ഹോം സീരീസില്‍ തുടര്‍ച്ചയായി 3 മത്സരങ്ങളില്‍ പരാജയപ്പെട്ട ഇന്ത്യ നിലവിലെ ഫോമില്‍ പേസും ബൗണ്‍സും നിറഞ്ഞ ഓസീസ് മണ്ണില്‍ പരാജയമാകുമെന്നാണ് ക്രിക്കറ്റ് ആരാധകരെല്ലാം തന്നെ വിലയിരുത്തിയിരുന്നത്. എന്നാല്‍ പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ നാലാം ദിനത്തില്‍ തന്നെ ഓസീസിനെ അടിയറവ് പറയിച്ചിരിക്കുകയാണ് ടീം ഇന്ത്യ.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ന്യൂസിലന്‍ഡിനോടുള്ള പരമ്പരയിലെ തുടര്‍ച്ചയെന്ന പോലെ ബാറ്റിംഗ് പരാജയമേറ്റുവാങ്ങിയപ്പോള്‍ തോല്‍വികളുടെ തുടര്‍ച്ചയാകും പെര്‍ത്ത് ടെസ്റ്റെന്നാണ് ആരാധകര്‍ കരുതിയത്. എന്നാല്‍ ജസ്പ്രീത് ബുമ്രയുടെ നായകത്വത്തിന് കീഴില്‍ അണിനിരന്ന ഇന്ത്യന്‍ ടീം തോല്‍വിക്ക് തയ്യാറായി വന്ന സംഘമായിരുന്നില്ല. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ജയ്‌സ്വാള്‍, ദേവ്ദത്ത് പടിക്കല്‍, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി തുടങ്ങിയ തുടക്കക്കാരുമായാണ് ഇന്ത്യ ഇറങ്ങിയത്. ആദ്യ ഇന്നിങ്ങ്‌സില്‍ 150 റണ്‍സിന് പുറത്തായ ഇന്ത്യ ആദ്യ ഇന്നിങ്ങ്‌സില്‍ ഓസീസിനെ വെറും 104 റണ്‍സിന് ചുരുട്ടിക്കെട്ടി. നായകനായി മുന്നില്‍ നിന്നും നയിച്ച ജസ്പ്രീത് ബുമ്രയായിരുന്നു ഓസീസ് ബാറ്റിംഗ് നിരയെ മുച്ചൂടും മുടിപ്പിച്ചത്. 5 വിക്കറ്റുകളാണ് ആദ്യ ഇന്നിങ്ങ്‌സില്‍ ബുമ്ര വീഴ്ത്തിയത്.
രണ്ടാം ഇന്നിങ്ങ്‌സില്‍ ഓസീസ് ബൗളര്‍മാര്‍ക്കെതിരെ ആധികാരികമായ പ്രകടനമാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ നടത്തിയത്. ഓപ്പണിംഗ് കൂട്ടുക്കെട്ടില്‍ തന്നെ 200 കടന്ന ഇന്ത്യയ്ക്കായി കെ എല്‍ രാഹുലും യശ്വസി ജയ്‌സ്വാളും മികച്ച തുടക്കമാണ് സമ്മാനിച്ചത്. 161 റണ്‍സുമായി ജയ്‌സ്വാളും 100 റണ്‍സുമായി കോലി സെഞ്ചുറി പ്രകടനവും നടത്തിയപ്പോള്‍ 77 റണ്‍സുമായി കെ എല്‍ രാഹുലും ഇന്ത്യന്‍ നിരയില്‍ തിളങ്ങി. 487 റണ്‍സിന് 6 വിക്കറ്റെന്ന നിലയില്‍ ഇന്ത്യ രണ്ടാം ഇന്നിങ്ങ്‌സ് അവസാനിപ്പിക്കുമ്പോള്‍ 534 റണ്‍സെന്ന വിജയലക്ഷ്യമാണ് ഓസീസിന് മുന്നിലുണ്ടായിരുന്നത്.
രണ്ടാം ഇന്നിങ്ങ്‌സില്‍ 89 റണ്‍സുമായി ട്രാവിസ് ഹെഡും 47 റണ്‍സുമായി മിച്ചല്‍ മാര്‍ഷും പ്രതിരോധം തീര്‍ത്തുവെങ്കിലും ഓസ്‌ട്രേലിയന്‍ പോരാട്ടം 238 റണ്‍സില്‍ ഒതുങ്ങി. ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവര്‍ 3 വിക്കറ്റുകള്‍ വീതം നേടിയപ്പോള്‍ വാഷിങ്ങ്ടണ്‍ സുന്ദര്‍ 2 വിക്കറ്റും ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.